Campus Alive

ശഹീദ് ശൈഖ് യാസീന്‍: വിമോചന പോരാട്ടങ്ങള്‍ക്കെന്നും നിറം പകരുന്ന അനശ്വര നാമം

2004 മാര്‍ച്ച് 22, അന്ന് ഗസ്സയില്‍ ആരും ഉറങ്ങിയിട്ടുണ്ടാകില്ല. സങ്കടവും ആവേശവും അഭിമാനവും ഒത്തുചേര്‍ന്ന വൈകാരിക അന്തരീക്ഷം അവിടെയാകെ തങ്ങിനിന്നു. അന്ന് രാവിലെ മസ്ജിദ് മുജമ്മഇന്റെ മുറ്റത്ത് ചിതറിത്തെറിച്ചത് ശൈഖ് അഹ്മദ് യാസീന്‍ എന്ന ഒരു വ്യക്തിയുടെ ശരീരമായിരുന്നില്ല. അധിനിവേശവും കൂട്ടക്കൊലകളും അനാഥമാക്കിയ ഒരു ജനതയുടെ വിമോചന പോരാട്ടങ്ങള്‍ക്ക് നിറം പകര്‍ന്ന നായകന്‍. ലോകത്തിലെ വന്‍ ശക്തിക്ക് മുന്നില്‍ മുട്ടിടിക്കാതെ പൊരുതാന്‍ ആത്മധൈര്യം പകര്‍ന്ന മഹാ വ്യക്തിത്വം. അത്രമേല്‍ അവര്‍ സ്‌നേഹിച്ച, പ്രചോദിപ്പിക്കപ്പെട്ട മറ്റൊരു നേതാവ് അവരിലുണ്ടായിട്ടില്ല. അന്നുമുതല്‍ ഫലസ്ത്വീനിലെ ഉമ്മമാര്‍ക്ക് മക്കള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ ഒരു വീരപുരുഷന്റെ ചരിത്രം കൂടി അവിടെ രചിക്കപ്പെട്ടു.

അപ്രതീക്ഷിതമായിരുന്നില്ല അങ്ങനെയൊരാക്രമണം. പലതവണ ഉന്നം തെറ്റിയ ഇസ്രയേല്‍ വെടിയുണ്ടകള്‍ ഏതു നിമിഷവും തന്നെ തേടിയെത്തുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. രക്തസാക്ഷിയായതിന്റെ തലേന്ന് മക്കളോടൊപ്പം സംസാരിച്ചിരിക്കുമ്പോള്‍ വിടപറയാനായെന്ന തോന്നല്‍ ആ വാക്കുകളിലുണ്ടായിരുന്നെന്ന് പിന്നീട് മകള്‍ ഓര്‍ക്കുന്നുണ്ട്.

പ്രതിസന്ധികളുടെ മലവെള്ളപ്പാച്ചിലുകളെ വിശ്വാസത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും കരുത്തില്‍ മറികടന്ന വിസ്മയകരമായ ചരിത്രമാണ് ശൈഖ് അഹ്മദ് യാസീന്റേത്. ഓര്‍മകളുറച്ച് തുടങ്ങും മുമ്പേ പിതാവ് നഷ്ടപ്പെട്ട ബാല്യം. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാകും മുമ്പേ ജന്മഗ്രാമമായ അല്‍ജൂറയില്‍നിന്ന് പിഴുതെറിയപ്പെട്ട അഭയാര്‍ഥി ജീവിതം. ഒരു ചതുരശ്ര കിലോമീറ്റര്‍ പരിധിക്കുള്ളില്‍ സ്വന്തം മേല്‍വിലാസം നഷ്ടപ്പെട്ട ഇരുപതിനായിരത്തോളം ആളുകള്‍ ഞെരുങ്ങിക്കഴിയേണ്ടിവന്ന ഗസ്സയിലെ അഭയാര്‍ഥി ക്യാമ്പില്‍, ദാരിദ്ര്യത്തിനും അരക്ഷിതാവസ്ഥക്കും മുന്നില്‍ പഠനം വലിയൊരു ചോദ്യചിഹ്നമായി നിന്നു. എല്ലുറക്കാത്ത പ്രായത്തില്‍ വീട്ടുകാരുടെ വിശപ്പടക്കാന്‍ അധ്വാനിക്കാനിറങ്ങി വീണ്ടും പഠനവുമായി മുന്നോട്ടുപോകാന്‍ തുടങ്ങിയെങ്കിലും വിധി മറ്റൊന്നായിരുന്നു കരുതിവെച്ചത്.

അന്ന് അഹ്മദ് യാസീന് പ്രായം 16. കൂട്ടുകാരനുമായി ഗുസ്തി പരിശീലനത്തിനിടെ പറ്റിയ പരിക്ക് ആ ശരീരത്തെ പൂര്‍ണമായും തളര്‍ത്തിക്കളഞ്ഞു. ഇനി എഴുന്നേറ്റു നടക്കാനാവില്ലെന്ന് ഡോക്ടര്‍മാര്‍ വിധി പറഞ്ഞു. പക്ഷേ ഒന്നും അവസാനിപ്പിക്കാന്‍ യാസീന്‍ ഒരുക്കമായിരുന്നില്ല. വീല്‍ ചെയറിലിരുന്ന് പഠനം പൂര്‍ത്തിയാക്കി. ശേഷം ഗസ്സയില്‍ തന്നെ അധ്യാപകനായി നിയമനം. എന്നാല്‍ ജോലി കഴിഞ്ഞ് വീട്ടിലൊതുങ്ങി ഇരിക്കാനായിരുന്നില്ല അദ്ദേഹത്തിന്റെ തീരുമാനം. ഇസ്രയേല്‍ അധിനിവേശത്തില്‍നിന്ന് നാടിന് സ്വാതന്ത്ര്യം നേടിക്കൊടുക്കണം. സായുധ പോരാട്ടത്തിലൂടെ മാത്രമേ ഫലസ്ത്വീനിന് മോചനമാകൂ എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഇസ്രയേലിനെതിരെ പോരാടാന്‍ വന്ന അറബ് സൈന്യം പരാജയപ്പെട്ട് തിരിച്ചുപോയതിനു ശേഷം ഒരിക്കല്‍ അതിനെ കുറിച്ച് ശൈഖ് യാസീന്‍ പറഞ്ഞതിങ്ങനെയായിരുന്നു: ‘അറബ് സൈന്യം വന്ന് ഞങ്ങളുടെ കൈയിലുണ്ടായിരുന്ന ആയുധങ്ങളെല്ലാം വാങ്ങിവെച്ചു. സൈന്യം മാത്രം യുദ്ധം ചെയ്താല്‍ മതി എന്നായിരുന്നു അവരുടെ ന്യായം. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ മനസ്സിലാക്കുന്നു, ആ ആയുധങ്ങള്‍ അന്ന് ഞങ്ങളുടെ കൈയിലുണ്ടായിരുന്നെങ്കില്‍ ചരിത്രം ഇങ്ങനെയാകുമായിരുന്നില്ല.’

അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ നായകന്‍ ഹസനുല്‍ ബന്നായുടെ ഫലസ്ത്വീന്‍ സന്ദര്‍ശനം യാസീനെ സംഘടനയുമായി അടുപ്പിച്ചു. വിമോചന പോരാട്ടങ്ങള്‍ക്ക് ഏറെ കരുത്തേകിയ സന്ദര്‍ശനമായിരുന്നു അത്.

മൂന്നു തവണ ശൈഖ് യാസീന്‍ ജയലിലടക്കപ്പെട്ടു. ഈജിപ്ഷ്യന്‍ സൈന്യം ഇഖ്‌വാന്‍ പ്രവര്‍ത്തകരെ വേട്ടയാടിയ സന്ദര്‍ഭം, ഗസ്സ അന്ന് ഈജിപ്തിനു കീഴിലായിരുന്നു. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. അനാരോഗ്യം പരിഗണിച്ച് ഒരു മാസത്തെ തടവിനു ശേഷം വിട്ടയക്കപ്പട്ടു. 1983-ലായിരുന്നു രണ്ടാമത്തെ അറസ്റ്റ്. പോരാട്ട സംഘത്തെ ഉണ്ടാക്കിയതിനും ആയുധങ്ങള്‍ ശേഖരിച്ചതിനുമായിരുന്നു ഇത്തവണത്തെ അറസ്റ്റ്. 13 വര്‍ഷത്തെ തടവ് വിധിച്ചു. എന്നാല്‍ രണ്ടു വര്‍ഷം കഴിഞ്ഞ് ‘ജിബ്രില്‍ ഉടമ്പടി’ വഴി പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ലിബറേഷന്‍ ഓഫ് ഫലസ്ത്വീന്‍ എന്ന സംഘടന തടവിലാക്കിയ ഇസ്രയേല്‍ സൈനികരുടെ മോചന കൈമാറ്റത്തിലൂടെ ആയിരത്തോളം വരുന്ന ഫലസ്ത്വീന്‍ തടവുകാരോടൊപ്പം ശൈഖ് യാസീനും മോചിതനായി. 1989-ലായിരുന്നു മൂന്നാമത്തെ അറസ്റ്റ്. ഹമാസ് രൂപീകരണത്തിനു ശേഷം ശക്തമായ ചെറുത്തുനില്‍പിനെ അതിജയിക്കാന്‍ അദ്ദേഹത്തെയും കൂട്ടാളികളെയും ജയിലിലടച്ചു. ഭീകരമായ പീഡനങ്ങളാണ് ഏല്‍ക്കേണ്ടിവന്നത്. പതിനാറ് വയസ്സു മാത്രമുള്ള മകനെ അദ്ദേഹത്തിന്റെ കണ്‍മുന്നില്‍ വെച്ച് ക്രൂരമായി മര്‍ദിച്ചു. ജീവപര്യന്തം തടവായിരുന്നു വിധിക്കപ്പെട്ടത്. എന്നാല്‍ 1997-ല്‍ ജോര്‍ദാനില്‍ വെച്ച് ഹമാസിന്റെ യുവ നേതാവ് ഖാലിദ് മിശ്അലിനെ വധിക്കാനുള്ള ശ്രമത്തിനിടെ പിടിയിലായ മൊസാദ് ചാരന്മാരുടെ മോചനത്തിനു പകരമായി ശൈഖ് യാസീന്‍ വീണ്ടും ജയിലില്‍നിന്നിറങ്ങി.

ജയില്‍ജീവിതം ശാരീരികമായി അദ്ദേഹത്തെ കൂടുതല്‍ തളര്‍ത്തിക്കളഞ്ഞിരുന്നു. പക്ഷേ മനസ്സ് അചഞ്ചലമായിരുന്നു. അതിനെക്കുറിച്ച് അദ്ദേഹം പറയുന്നു: ”ജയില്‍ കയ്‌പ്പേറിയ അനുഭവങ്ങളുടെ ലോകമാണ്. പക്ഷേ ഒരു വിശ്വാസിക്ക് അസുലഭമായ ചില അവസരങ്ങള്‍കൂടി അത് ഒരുക്കിവെക്കുന്നുണ്ട്. അല്ലാഹുവിനോടൊപ്പം ഒറ്റക്കിരുന്ന് സംസാരിക്കാന്‍ കൂടുതല്‍ സമയം കിട്ടും. ഖുര്‍ആന്‍ പൂര്‍ണമായി മനഃപാഠമാക്കിയതും ധാരാളം കനപ്പെട്ട പുസ്തകങ്ങള്‍ വായിച്ചതും ജയിലില്‍ വെച്ചായിരുന്നു.”

1967-ലെ യുദ്ധ പരാജയം ഫലസ്ത്വീനികളുടെ ദുരിതങ്ങള്‍ പതിന്മടങ്ങ് വര്‍ധിപ്പിച്ചു. ഗസ്സയുള്‍പ്പെടെ ഫലസ്ത്വീനിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഇസ്രയേല്‍ കൈവശപ്പെടത്തി. ശൈഖ് യാസീന്റെ വിമോചന പോരാട്ട കാഴ്ചപ്പാടുകള്‍ ശക്തിപ്പെടുന്നത് ആ സന്ദര്‍ഭത്തിലാണ്. പോരാട്ടത്തിന് ആഹ്വാനം ചെയ്ത് അദ്ദേഹം നടത്തിയ പ്രഭാഷണങ്ങളും ആയിരങ്ങളെ പ്രദോദിപ്പിച്ച മസ്ജിദുല്‍ അബ്ബാസിയിലെ ഖുത്വ്ബയും പ്രഭാഷണങ്ങളും കേള്‍ക്കാന്‍ സ്ത്രീകളും കുട്ടികളുമടക്കം വന്‍ ജനാവലി എത്തിച്ചേര്‍ന്ന് തുടങ്ങി. ഇസ്രയേലിനെതിരെ പ്രഭാഷണങ്ങളില്‍ അദ്ദേഹം ആഞ്ഞടിച്ചു; ”അനീതിയിലും വെട്ടിപ്പിടിത്തത്തിലൂടെയും രൂപപ്പെട്ടതാണ് ഇസ്രയേല്‍. അനീതിയിലും അക്രമത്തിലും ഉയിരെടുത്ത ഒന്നും ഭൂമിയില്‍ അവശേഷിക്കുകയില്ല. അത് തകര്‍ന്നടിയുക തന്നെ ചെയ്യും.” പോരാട്ട പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമേകുന്നതോടൊപ്പം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി തുടങ്ങി. ശുഹദാക്കളുടെയും ജയിലിലടക്കപ്പെട്ടവരുടെയും കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവമായി. അതിനിടയില്‍ അദ്ദേഹത്തിനെ അധ്യാപനജോലിയില്‍നിന്നും പിരിച്ചുവിട്ടെങ്കിലും തന്റെ യഥാര്‍ഥ ദൗത്യനിര്‍വഹണത്തിന് കൂടുതല്‍ സമയം ചെലവഴിക്കാമല്ലോ എന്നതായിരുന്നു അതിനോടുള്ള മനോഭാവം. ഫലസ്ത്വീന്‍ ജനതക്ക് പുതിയൊരു നേതാവ് ഉയര്‍ന്നുവരികയായിരുന്നു അവിടെ. അവിടം മുതല്‍ മൊസാദ് അദ്ദേഹത്തെ നോട്ടമിട്ടു തുടങ്ങി.

ഫലസ്ത്വീന്‍ വിമോചന പ്രസ്ഥാനങ്ങളുടെയും കൂട്ടായ്മകളുടെയും പോരായ്മകള്‍ തിരിച്ചറിഞ്ഞ ശൈഖ് യാസീന്‍ വിട്ടുവീഴ്ചകളില്ലാത്ത പോര്‍മുഖങ്ങള്‍ തുറക്കുന്നതിനായി 1987-ല്‍ ഹറകത്തുല്‍ മുഖാവമതില്‍ ഇസ്‌ലാമിയ എന്ന സംഘടനക്ക് രൂപം നല്‍കി. ഫലസ്ത്വീന്‍ ചെറുത്തുനില്‍പിന്റെ പര്യായമായി ‘ഹമാസ്’ എന്ന ചുരുക്കപ്പേരില്‍ ലോകമതിനെ അറിഞ്ഞുതുടങ്ങി. ഇന്‍തിഫാദയുടെ പുതിയ പോരാട്ടഭൂമികള്‍ തുറന്നുവെച്ചു. അത്യാധുനിക ആയുധ സംവിധാനങ്ങളുള്ള ഇസ്രയേല്‍ സേന, അല്‍ഖസ്സാം മിസൈലുകള്‍ക്കും കരിങ്കല്‍ ചീളുകള്‍ക്കും മുന്നില്‍ വിയര്‍ത്തുനിന്നു. തലമാത്രം ചലിപ്പിച്ച് ഒരു ജനതയെ നയിച്ച നേതാവിന് മുന്നില്‍ അവര്‍ക്ക് മുട്ടുവിറച്ചു. ഹമാസിനെ തകര്‍ത്തില്ലെങ്കില്‍ തങ്ങളുടെ നിലനില്‍പ് അപകടത്തിലാകുമെന്ന് കണ്ട ഇസ്രയേല്‍ ഭീകരമായ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. അതിര്‍ത്തികളടച്ചും സഹായത്തിനെത്തുന്നവരെ ഭീഷണിപ്പെടുത്തിയും ഉപരോധിച്ചു. ലോകത്തിലെ ഏറ്റവും വലിയ തുറന്ന ജയിലായി ഗസ്സ മാറി. ഭൂമിക്കടിയിലൂടെ തുരങ്കങ്ങളുണ്ടാക്കി ചെറുത്തുനില്‍പിനുള്ള ആയുധങ്ങളും ഭക്ഷണങ്ങളുമെത്തിച്ചാണ് ഹമാസ് പ്രവര്‍ത്തകര്‍ അതിജീവനത്തിന്റെ വഴികളന്വേഷിച്ചത്. അതിനെ കൂടി തടയാന്‍ ഭൂമിക്കടിയിലേക്ക് ഉരുക്കു മതില്‍ പണിയേണ്ടിവന്നു ഇസ്രയേലിന്. ഒരു ലോക സമാധാന വേദിയും ഫലസ്ത്വീന്റെ രക്ഷക്കെത്തിയില്ല. എതിര്‍ശബ്ദങ്ങളെ വന്‍ ശക്തികള്‍ വീറ്റോ പവറിലൂടെ നിശ്ശബ്ദമാക്കി. എന്നാല്‍ കീഴടങ്ങാന്‍ തയാറില്ലാത്ത ആ ജനത പിന്മാറിയില്ല. ഇസ്രയേലിന്റെ ഏതു തെരുവിലും പോരമുഖം തുറക്കുന്ന പോരാളികളായി ഫലസ്ത്വീന്‍ യുവത ഉയിരെടുത്തു. ഭയന്ന് ജീവിക്കേണ്ടിവന്നു ഇസ്രയേല്‍ ജനതക്ക്. അതിനാല്‍ തന്നെ ഹമാസിന്റെ നേതാക്കളെ വകവരുത്താന്‍ അവര്‍ തീരുമാനിച്ചു. 2003-ല്‍ ശൈഖ് യാസീനെ ലക്ഷ്യം വെച്ച് ആക്രമണം നടത്തി. അദ്ദേഹമിരുന്ന കെട്ടിടം പൂര്‍ണമായും തകര്‍ത്തെങ്കിലും നിസ്സാര പരിക്കുകളോടെ അദ്ദേഹം രക്ഷപ്പെട്ടു. എന്നാല്‍ അടുത്ത തവണ അവര്‍ക്ക് ഉന്നം തെറ്റിയില്ല. അപ്പാച്ചെ ഹെലികോപ്റ്റര്‍ തൊടുത്തുവിട്ട മിസൈലേറ്റ് ആ അസാമാന്യ പ്രതിഭ ചലനമറ്റു വീണു.

വിസ്മയകരമായിരുന്നു ശൈഖ് യാസീന്റെ ജീവിതം. അനാഥത്വം, അഭയാര്‍ഥിത്വം, രോഗം, തളര്‍ച്ച, പോരാട്ടം, ജയില്‍, നേതൃത്വം… ഒടുവില്‍ രക്തസാക്ഷിത്വം. ഒരു മനുഷ്യായുസ്സില്‍ കടന്നുപോകാന്‍ കഴിയുന്നത്രയും പ്രതിസന്ധികളുടെയും അതിജീവനത്തിന്റെയും വെയിലും മഴയും കൊണ്ട ചരിത്രം. ജീവിതത്തിലെപ്പോഴെങ്കിലും തളര്‍ന്നെന്ന് തോന്നുമ്പോള്‍ , ചെറിയ ശാരീരികാസ്വസ്ഥകതകള്‍ പ്രവര്‍ത്തനമാര്‍ഗങ്ങളില്‍ നിന്നും പുറകോട്ട് വലിയാനുള്ള ന്യായീകരണങ്ങളായി തോന്നുമ്പോള്‍ ശൈഖ് യാസീന്റെ ഫോട്ടോ എടുത്തൊന്ന്നോക്കണം. പാതി തളര്‍ന്ന ശരീരത്തിന് മുകളില്‍ നിറപുഞ്ചിരിയോടെ വിടര്‍ന്നു നില്‍ക്കുന്ന ആ മുഖം കാണുന്ന മാത്രയില്‍ അലസതകളൊഴിവാക്കി അത് നമ്മെ മുന്നോട്ടു കുതിപ്പിക്കും. പ്രതിസന്ധികള്‍ പേമാരിയായി ആര്‍ത്തലച്ചപ്പോഴും പെയ്‌തൊഴിയാത്ത വിശ്വാസദാര്‍ഢ്യവും പ്രതീക്ഷകളും ആ മുഖത്ത് നിറഞ്ഞുനിന്നിരുന്നു.

ജീവിച്ചിരിക്കുമ്പോള്‍ ശൈഖ് യാസീന്‍ പകര്‍ന്നേകിയ പ്രചോദനവും പോരാട്ടവീര്യവും ശഹാദത്തിലൂടെ പതിന്മടങ്ങ് ശക്തിപ്പെട്ടു. പിറന്നുവീഴുന്ന മക്കള്‍ക്ക് ഉമ്മമാര്‍ അഹ്മദ് യാസീനെന്ന് പേരിടുമ്പോള്‍ അത് കേവലമൊരു വിൡപ്പേരായല്ല മറ്റൊരു ശൈഖ് യാസീനെ അവരിലൂടെ കിനാവു കാണുകയായിരുന്നു അവര്‍.

ഫലസ്ത്വീന്‍ ജനത ഇന്നും പോരാട്ടത്തിലാണ്. വിജയം വരെ തുടരുന്ന പോരാട്ടമായാണ് അവരതിനെ കാണുന്നത്. കാരണം അവര്‍ക്ക് റസൂല്‍ (സ) നല്‍കിയ വാക്കാണത്. അവിടുത്തെ വാക്കിനേക്കാള്‍ ഉറപ്പുള്ള മറ്റൊരു വാക്കും മനുഷ്യന്റേതായി ഈ ലോകത്തില്ലല്ലോ. ”എന്റെ സമുദായത്തിലൊരു വിഭാഗം സത്യത്തിനു വേണ്ടി പോരാടിക്കൊണ്ടിരിക്കും. അല്ലാഹുവിന്റെ തീരുമാനം വരുംവരെ ആ പോരാട്ടം തുടരും. ശത്രുക്കളുടെ എതിര്‍പ്പുകള്‍ അവര്‍ക്കൊരു വിഷയമാകില്ല.” ‘നബിയേ അവര്‍ എവിടെയാണുണ്ടാവുക’ എന്ന് സ്വഹാബത്ത് ചോദിക്കുമ്പോള്‍ ‘ബൈത്തുല്‍ മഖ്ദിസിനും അതിനു ചുറ്റും’ എന്ന് റസൂലുല്ല പറഞ്ഞുവെച്ചു.

വിജയം ഉറപ്പുള്ള ആ പോരാട്ടത്തിലാണവരുള്ളത്. അന്തിമയുദ്ധത്തില്‍ ജൂതര്‍ തോല്‍പിക്കപ്പെടുമെന്നും കല്ലും മരങ്ങളും പോരാളികള്‍ക്ക് കൂട്ടിനുണ്ടാകുമെന്നും ദൈവദൂതന്‍ (സ) പറഞ്ഞുവെച്ചതാണല്ലോ. കാലമെത്ര കഴിഞ്ഞാലും ആ പോരാട്ട മാര്‍ഗത്തിലെന്നും അവര്‍ക്ക് പ്രചോദനമായി ആ അനശ്വര നാമമുകും; ‘ശഹീദ് ശൈഖ് അഹ്മദ് ഇസ്മാഈല്‍ ഹസന്‍ യാസീന്‍…’

 

സുഹൈബ് സി ടി

Your Header Sidebar area is currently empty. Hurry up and add some widgets.