Campus Alive

ചരിത്രം എന്ന അന്തക്കേടിലൂടെ ഖുര്‍ആന്‍ എന്ന അനുഭവത്തെ വായിക്കാന്‍ കഴിയുമോ?

സയ്യിദ് ഹുസൈന്‍ നസ്റിന്റെ സൂറത്തുല്‍ കഹ്ഫിനെക്കുറിച്ച വ്യാഖ്യാനം വായിക്കുന്നതിനിടയിലാണ് ഖദ്റിനെക്കുറിച്ച (വിധിവിശ്വാസം) എന്റെ വിവരക്കേട് ബോധ്യപ്പെടുന്നത്. ഇല്‍മുല്‍ കലാമില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഖദ്റിനെക്കുറിച്ചും വുജൂദിനെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍. സൃഷ്ടികള്‍ക്ക് വുജൂദുണ്ടോ എന്നതായിരുന്നു പ്രധാനപ്പെട്ട ഒരു മുഅ്തസിലി-അശ്അരി തര്‍ക്കം. അതവിടെ നില്‍ക്കട്ടെ. നമുക്കൊന്ന് തസവ്വുഫിലേക്ക് എത്തി നോക്കാം. തസവ്വുഫിന്റെ ഭാഷയില്‍ പറഞ്ഞാല്‍ സൃഷ്ടികള്‍ക്കുള്ളത് ദാത്തില്ലാത്ത (essence) വുജൂദാണ്. അല്ലാഹുവിനാണ് ദാത്തുള്ള വുജൂദ് ഉള്ളത്. അപ്പോള്‍ പിന്നെ മനുഷ്യര്‍ക്കുള്ള വുജൂദ് എന്തിനാണ്? വുജൂദ് എന്നതിനെ മനസ്സിലാകാന്‍ വേണ്ടി existence (തോഷികോ ഇസുത്സു) എന്ന് വിവര്‍ത്തനം ചെയ്യാവുന്നതാണ്. സത്തയില്ലാത്ത (essence) വുജൂദാണ് മനുഷ്യര്‍ക്കുള്ളതെങ്കില്‍ പിന്നെ എങ്ങനെയാണ് ഖദ്റിനെ മനസ്സിലാക്കുക? ഇഷ്ടമുള്ള വഴി തെരെഞ്ഞെടുക്കാന്‍ മനുഷ്യര്‍ക്ക് അല്ലാഹു നല്‍കിയ സ്വാതന്ത്ര്യത്തെ പിന്നെ എങ്ങനെയാണ് വായിക്കേണ്ടത്? ഒരുപാട് കാലം ഈ ചോദ്യം എന്നെ അലട്ടിയിട്ടുണ്ട്. ഇപ്പോഴും ഈ ചോദ്യത്തിന് ഉത്തരം തേടിക്കൊണ്ടിരിക്കുകയാണ്. ആയിടക്കാണ് ഹുസൈന്‍ നസ്റിന്റെ പുതിയ ഖുര്‍ആന്‍ പരിഭാഷയും വ്യാഖ്യാനവും ഉബൈദ്ക്ക അയച്ച് തന്നത്. അത് കിട്ടിയപ്പോള്‍ ആദ്യം തന്നെ ഞാന്‍ വായിച്ചത് സൂറ കഹ്ഫിന്റെ വ്യാഖ്യാനമാണ്. ഖദ്റിനെ അനുഭവിക്കാന്‍ സൂറ കഹ്ഫ് നല്ലൊരു മരുന്നാണെന്ന് ഒരു സുഹൃത്ത് മുമ്പൊരിക്കല്‍ സൂചിപ്പിച്ചിരുന്നു. എന്നാപ്പിന്നെ അതൊന്നു നോക്കാമെന്ന് ഞാനും കരുതി.

തോഷികോ ഇസുത്സു

സൂറ കഹ്ഫില്‍ എനിക്കേറ്റവും ഇഷ്ടം മൂസാ നബിയും ഹിള്‌റും കൂടിയുള്ള യാത്രയെക്കുറിച്ച വിവരണമാണ്. സൂറ കഹ്ഫിനെക്കുറിച്ച മിക്ക വ്യാഖ്യാനങ്ങളിലും ഹിള്‌റിനെ ഒരു ചരിത്ര പ്രതിഭാസമായാണ് അവതരിപ്പിക്കുന്നത്. ചരിത്രത്തിന്റെ പ്രത്യേകത തന്നെ അതില്‍ യുക്തിക്കാണ് പ്രാധാന്യം എന്നതാണ്. അതുകൊണ്ട്തന്നെ തന്നെ ലീനിയറായ ചരിത്രം (ഹെഗലിയന്‍) എന്ന അന്തക്കേടിനെ മുന്‍നിര്‍ത്തി ഹിള്‌റിനെ മനസ്സിലാക്കുന്നതില്‍ പരിമിതിയുണ്ട്. അതേസമയം സൂഫികള്‍ ഹിള്‌റിനെ മനസ്സിലാക്കുന്നത് ചരിത്ര വിരുദ്ധമായാണ് (anti-historical). അഥവാ, ചരിത്രത്തിന്റെ ഹിക്മത്ത് ബാധകമല്ലാത്ത (പ്രയോഗത്തിന് ഷമീര്‍ കെ.എസിനോട് കടപ്പാട്) ഒരനുഭവമാണ് ഹിള്‌റ്. അതുകൊണ്ടാണ് ഹിള്റിന് ഇപ്പോഴും നമ്മെ തസ്‌കിയ്യത്ത് ചെയ്യാന്‍ (ഹഖീഖത്തിലേക്ക് നയിക്കാന്‍) കഴിയുമെന്ന് സൂഫികള്‍ വിശ്വസിക്കുന്നത്.

എന്തുകൊണ്ടാണ് ഖദ്റിനെക്കുറിച്ച് എനിക്ക് സംശയമുണ്ടായത് എന്നാണ് ഹിള്‌റ് എന്നോടാദ്യം ചോദിച്ചത്. ഞാന്‍ ബബ്ബബ്ബ അടിച്ചപ്പോള്‍ മൂപ്പരാള് തന്നെ അതിന് മറുപടിയും തന്നു: ഞാന്‍ ഖദ്റിനെക്കുറിച്ചാലോചിക്കുന്നത് യാഥാര്‍ത്ഥ്യം എന്ന് നമുക്ക് തോന്നുന്ന മെറ്റീരിയലായ സമയത്തിന്റെയും കാലത്തിന്റെയും കള്ളിക്കകത്ത് നിന്നുകൊണ്ടാണ്. മൂസാ നബി ഹിള്റിനോട് ചോദ്യങ്ങള്‍ ചോദിക്കുന്നതും അതുകൊണ്ടാണ്. അഥവാ, ജ്ഞാനത്തിന്റെ വളരെ പ്രകടമായ അര്‍ത്ഥത്തെ മുന്നില്‍ വെച്ചുകൊണ്ടാണ് ഞാനും മൂസാനബിയും ഹിള്റിന്റെ പ്രവര്‍ത്തനങ്ങളെ സംശയത്തോടെ നോക്കിക്കാണുന്നത്. അപ്പോഴാണ് തസവ്വുഫ് എന്റെ മണ്ടക്കടിക്കുന്നത്: എടോ ബട്കൂസെ,,, യുക്തി, ചരിത്രം, സമയം, കാലം, യാഥാര്‍ത്ഥ്യം എന്നിങ്ങനെയുള്ള അന്തക്കേടുകളെ മുന്‍നിര്‍ത്തി എന്ത് ധൈര്യത്തിലാണ് ജ്ജ് അല്ലാഹുവിന്റെ വിധിയെ സംശയിക്കുന്നത്? പടച്ചോനേ, കുടുങ്ങിയല്ലോ….

ചരിത്രത്തിന്റെ യുക്തിയെ മുന്നില്‍ വെച്ചാണ് മൂസാ നബി ഹിള്റിനെ ചോദ്യം ചെയ്തത്. എന്നാല്‍ ചരിത്രത്തിന് കാണിച്ച് കൊടുക്കാന്‍ പറ്റാത്തത് ഹിള്‌റ് അല്ലാഹുവിന്റെ സഹായത്താല്‍ മൂസാനബിക്ക് കാണിച്ചു കൊടുത്തു. ഇവിടെ ചരിത്രത്തിന്റെ ജ്ഞാനത്തെ ളാഹിര്‍ എന്നും ചരിത്രവിരുദ്ധമായ ജ്ഞാനത്തെ ബാത്വിന്‍ എന്നും വിളിക്കാം. മൂസാനബിക്കുണ്ടായിരുന്നത് ളാഹിര്‍ ആയ ജ്ഞാനമായിരുന്നു. എന്നാല്‍ ളാഹിറിനെയും അതിവര്‍ത്തിക്കുന്ന ബാത്വിന്‍ ആയ ജ്ഞാനം എന്ന അനുഭവത്തെ മുന്‍നിര്‍ത്തിയാണ് ഹിള്‌റ് നമ്മെ സതംഭിപ്പിക്കുന്നത്. ഞാനും ഖദ്റിനെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് ചരിത്രത്തിന്റെ, ളാഹിറിന്റെ യുക്തിക്കകത്ത് നിന്നുകൊണ്ടാണ്. എനിക്കതിനല്ലാതെ കഴിയില്ല. കാരണം, എന്നെപ്പോലെയുള്ള ഒരു വിഡ്ഢിക്കൊരിക്കലും ബാത്വിന്‍ ആയ ജ്ഞാനം ലഭിക്കുകയില്ലല്ലോ. അപ്പോള്‍ ഖദ്‌റ് എന്നത് തുടര്‍ച്ചയായ ഒരന്വേഷമാണെന്ന് ഞാനിപ്പോള്‍ മനസ്സിലാക്കുന്നു. ആ യാത്രയിലുടനീളം ഇടിഞ്ഞുപൊളിഞ്ഞ് വീഴുന്നത് രേഖീയമായ ചരിത്രവും കാലവും സമയവും യാഥാര്‍ത്ഥ്യവുമൊക്കെയാണ്. അതിനടിയില്‍ പെട്ടുപോകാതെ യാത്ര തുടരുക എന്നത് മാത്രമേ എനിക്കിപ്പോള്‍ ചെയ്യാന്‍ പറ്റൂ എന്നാണ് ഹിള്റും മൂസാനബിയും എന്നെ പഠിപ്പിക്കുന്നത്.

ഇനി വിഷയത്തിലേക്ക് വരാം. ഒരനുഭവം പറഞ്ഞ്കൊണ്ട് തുടങ്ങാമെന്ന് തോന്നുന്നു. ഒരിക്കല്‍ എന്റെ ഒരു സുഹൃത്ത് അവന്റെ വല്ലിമ്മയുടെ ഖുര്‍ആന്‍ പാരായണത്തെ കളിയാക്കിക്കൊണ്ട് എന്നോട് സംസാരിക്കുകയുണ്ടായി. അവന്റെ അഭിപ്രായത്തില്‍ അവന്റെ വല്ലിമ്മ അര്‍ത്ഥം അറിയാതെ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന ഒരു മണ്ടിയാണ്. ഒരു കാര്യവുമില്ലാതെയാണ് മൂപ്പത്തി ഖുര്‍ആനോതുന്നത്. ഇങ്ങനെയുള്ള ഖുര്‍ആനോത്തുകളില്‍ മാറ്റങ്ങള്‍ വന്നത് പരിഷ്‌കരണ പ്രസ്ഥാനങ്ങളുടെ കടന്ന് വരവിന് ശേഷമാണ് എന്നാണ് അവന്റെ അഭിപ്രായം. അതുകഴിഞ്ഞ് ഏകദേശം ഒരു മാസത്തിന് ശേഷമാണ് ഞാനൊരു പ്രവാചക പ്രകീര്‍ത്തന സദസ്സില്‍ പങ്കെടുക്കുന്നത്. ഞങ്ങള്‍ എല്ലാവരും കൂടിയിരുന്ന് മൗലീദ് പാരായണം നടത്തുകയായിരുന്നു. മിക്ക പേരും കരഞ്ഞുകൊണ്ടാണ് മൗലീദോതുന്നത്. ഞാനും എന്റെ തൊട്ടടുത്തുള്ളവനും മാത്രമാണ് ഇടക്കിടക്ക് ഉണരുകയും ഉറങ്ങുകയും ചെയ്യുന്നത്. പെട്ടെന്ന് ഒരു നാടന്‍ കാക്ക ബോധരഹിതനായി നിലത്ത് വീണു. അപസ്മാരം ബാധിച്ച പോലെ അയാള്‍ നിലത്ത് കിടന്ന് സ്വലാത്ത് ചെല്ലുകയും ഉറക്കെ കരയുകയുമായിരുന്നു. മൂപ്പരെ ആദ്യമേ എനിക്ക് പരിചയമുണ്ട്. അറബിയൊന്നും അറിയാത്ത ഒരു നാടന്‍ കാക്ക. അപ്പോള്‍ അറബിയറിയാത്ത കാക്കയെങ്ങനെയാണ് അറബിയിലുള്ള മൗലീദ് കേട്ടിട്ട് ബോധരഹിതനാകുന്നത്? പരിഷ്‌കരണ പ്രസ്ഥാനങ്ങളുടെ പരിഷ്‌കരണം കിട്ടാത്തത് കൊണ്ടാണോ?

സയ്യിദ് ഹുസൈന്‍ നസ്ര്‍

അല്ലാഹുവിന്റെ ഖദ്റിനെക്കുറിച്ച എന്റെ വിവരക്കേടും ഈ സംഭവവും ഞാനിവിടെ സൂചിപ്പിച്ചത് മെറ്റീരിയാലിറ്റി (ആധുനികത, ചരിത്രം, യുക്തി, രാഷ്ട്രീയം തുടങ്ങിയവ) എങ്ങനെയാണ് ഓണ്‍ടോളജിക്കലായി നമ്മെ ശരിപ്പെടുത്തിക്കൊണ്ടിരിക്കുന്നത് എന്ന് കാണിക്കാന്‍ വേണ്ടിയാണ്. ഖദ്റിനെക്കുറിച്ച് ഞാന്‍ സംശയിക്കുന്നതും ഖുര്‍ആന്റെ അര്‍ത്ഥമറിയാത്ത വല്ലിമ്മയെക്കുറിച്ച് ഒരു പരിഷ്‌കാരി ബേജാറാകുന്നതും എന്താണ് എന്റെയും അവന്റെയും ഓണ്‍ടോളജി എന്ന ചോദ്യം അനിവാര്യമാക്കിത്തീര്‍ക്കുന്നുണ്ട്. ഇനി ഇസ്ഹാഖ് അത്തബരി രചിച്ച Book of Those Slain by the Noble Quran, Who Heard the Quran, and Thereupon Died എന്ന പുസ്തകത്തെ മുന്‍നിര്‍ത്തി ചില കാര്യങ്ങള്‍ പറഞ്ഞുനോക്കാം. പുസ്തകം തുടങ്ങുന്നത് ഒരു സംഭവത്തെ ഉദ്ധരിച്ചു കൊണ്ടാണ്: ‘ഒരിക്കല്‍ സൂഫി ഗുരുവായിരുന്ന മന്‍സൂര്‍ ഇബ്നു അമ്മാര്‍ അദ്ദന്‍ദനഖാനി ഒരു യുവാവിന്റെ സമീപത്തേക്ക് ചെല്ലുകയുണ്ടായി. അയാള്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു. പ്രാര്‍ത്ഥനക്ക് ശേഷം മന്‍സൂര്‍ യുവാവിനെ അഭിവാദ്യം ചെയ്തു. അതിനുശേഷം അയാളോട് നരകത്തില്‍ ഒരു താഴ്വരയുണ്ടെന്നും അതിനെക്കുറിച്ച് ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ടെന്നും സൂചിപ്പിച്ചുകൊണ്ട് ഈ സൂക്തം ഓതിക്കൊടുത്തു:’വേണ്ട, അത് കത്തിക്കാളുന്ന നരകത്തീയാണ്. തൊലി ഉരിച്ചു കളയുന്ന തീ. സത്യത്തോടു പുറംതിരിയുകയും പിന്തിരിഞ്ഞു പോകുകയും ചെയ്തവരെ അതു വിളിച്ചുവരുത്തും’. അതുകേട്ടതും ആ യുവാവ് ബോധരഹിതനായി നിലത്തുവീണു. ബോധം തിരിച്ചുകിട്ടിയപ്പോള്‍ അയാള്‍ മന്‍സൂറിനോട് കൂടുതല്‍ സൂക്തങ്ങള്‍ ഓതിത്തരാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ സൂറത്തുല്‍ ബഖറയിലെ ഇരുപത്തിനാലാം സൂക്തം അദ്ദേഹം ഓതിക്കൊടുത്തു:’അതിലെ ഇന്ധനം മനുഷ്യരും വിറകുകളുമാണ്.’ അതുകേട്ടതും ആ യുവാവ് അപ്പോള്‍ തന്നെ മരിച്ചുവീഴുകയും ചെയ്തു.’

സൂഫികളുടെ ഖുര്‍ആന്‍ സ്വീകരണത്തെക്കുറിച്ചാണ് പ്രധാനമായും പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്. അബൂ ഇസ്ഹാഖ് പ്രതിപാദിക്കുന്ന സംഭവങ്ങളെ മുന്‍നിര്‍ത്തി ആലോചിക്കുമ്പോള്‍ മനസ്സിലാകുന്നത് സൂഫികളുടെ ഖുര്‍ആന്‍ അനുഭവം എന്നത് സവിശേഷമായിരുന്നു എന്നാണ്. ‘സൗന്ദര്യം എന്നത് സ്വബോധം നഷ്ടപ്പെടുത്തുന്ന ഒന്നാണ്. അല്ലെങ്കിലത് സൗന്ദര്യമല്ല’ എന്ന ഭാഷാശാസ്ത്രജ്ഞനായ ആന്‍ഡ്രെ ബ്രെട്ടന്റെ വാക്കുകളെ അന്വര്‍ത്ഥമാക്കും വിധമാണ് സൂഫികള്‍ ഖുര്‍ആനെ അനുഭവിച്ചിട്ടുള്ളത്. സ്വന്തം ശരീരത്തെയും മനസ്സിനെയും ഖുര്‍ആനുമായി കൂട്ടിയിണക്കുകയാണ് അവര്‍ ചെയ്തിട്ടുള്ളത്. നടക്കുന്ന ഖുര്‍ആന്‍ (Walking Quran) എന്ന് നമുക്കവരെ വിശേഷിപ്പിക്കാവുന്നതാണ്. അതുകൊണ്ടുതന്നെയാണ് സൂഫികളുടെ എഴുത്തുകളില്‍ ഖുര്‍ആന്‍ പാരായണം കേട്ട് ബോധരഹിതരാകുന്നവരെുറിച്ച വിവരണങ്ങള്‍ തുടര്‍ച്ചയായി വരുന്നത്. ഉദാഹരണത്തിന്, ശൈഖ് ഹുജ്വീരി മിസ്റ്റിക്കുകളുടെ ഖുര്‍ആന്‍ സ്വീകരണത്തെക്കുറിച്ചെഴുതുന്നതായി കാണാം. മുസ്ലിം ഇബ്നു യാസര്‍ എന്ന ഒരു മിസ്റ്റിക്കിനെക്കുറിച്ചാണ് അദ്ദേഹം എഴുതുന്നത്. ബസറയില്‍ ജീവിച്ചിരുന്ന ഒരു സൂഫിയായിരുന്നു അദ്ദേഹം. ഹസനുല്‍ ബസരി (റ) വിനോടുള്ളതിനേക്കാള്‍ ആദരവ് ആളുകള്‍ക്ക് അദ്ദേഹത്തിനോടുണ്ടായിരുന്നു. ഒരിക്കല്‍ നമസ്‌കരിച്ചു കൊണ്ടിരിക്കെ പള്ളിയിലെ തൂണ്‍ തകര്‍ന്ന് വീഴുകയുണ്ടായി. എന്നാല്‍ ഖുര്‍ആന്‍ പാരായണത്തിലായിരുന്ന യാസര്‍ അതറിഞ്ഞില്ല. മറ്റൊരിക്കല്‍ ഖുര്‍ആന്‍ പാരായാണത്തിനിടെ തന്റെ വീടിന് തീപിടിച്ചപ്പോഴും അദ്ദേഹം അറിഞ്ഞിരുന്നില്ല. ഉഹ്ദ് യുദ്ധത്തിനിടെ അലി (റ) യുടെ കാലില്‍ അമ്പ് കയറിയതും നമസ്‌കാരത്തിനിടെ അദ്ദേഹമറിയാതെ അതെടുത്തു മാറ്റിയ ചരിത്രവും ഹുജ്വീരി ഉദ്ധരിക്കുന്നുണ്ട്. എന്തുകൊണ്ടായിരിക്കാം ഇത്തരത്തിലുള്ള ഒരു ബന്ധം ഖുര്‍ആനും അതിന്റെ സ്വീകര്‍ത്താക്കളും തമ്മില്‍ നിലനില്‍ക്കുന്നത്? എങ്ങനെയാണ് ഒരു ഗ്രന്ഥത്തിന് മനുഷ്യന്റെ ശരീരത്തെയും മനസ്സിനെയും ഇങ്ങനെ ചലനാത്മകമാക്കാന്‍ സാധിക്കുന്നത്? അര്‍ത്ഥമറിഞ്ഞ് ഓതുന്നത് കൊണ്ടാണോ? പരിഷ്‌കരണം കിട്ടിയത് കൊണ്ടാണോ? ഖുര്‍ആന്‍ എന്ന അനന്തമായ ആകാശത്തിലേക്ക് ഉയര്‍ന്നു പറക്കാതെ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുക സാധ്യമല്ല.

ഇസ്ലാമിക ചരിത്രത്തില്‍ സൂഫികളുടെ ഖുര്‍ആന്‍ സ്വീകരണം സവിശേഷമാണ് എന്നാണ് ഞാന്‍ പറയാന്‍ ശ്രമിക്കുന്നത്. ചരിത്രത്തെയും യുക്തിയെയും ആധുനികതയെയും പൂജിക്കുന്നവര്‍ക്ക് ഒരുപക്ഷേ അത് മനസ്സിലാക്കാന്‍ കഴിഞ്ഞെന്ന് വരില്ല. അഥവാ, സമയത്തെയും കാലത്തെയും കുറിച്ച രേഖീയമായ നമ്മുടെ മുഴുവന്‍ ‘അനുഭവ’ങ്ങളെയും സമീപനങ്ങളെയും തകര്‍ത്തെറിയാന്‍ സാധിച്ചാല്‍ മാത്രമേ സൂഫികളും ഖുര്‍ആനും തമ്മിലുള്ള സൗന്ദര്യശാസ്ത്രപരമായ ‘ഏറ്റുമുട്ടലുകളെ’ ഉള്‍ക്കൊള്ളാന്‍ കഴിയൂ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

ആന്‍ഡ്രെ ബ്രെട്ടന്‍

ഖുര്‍ആന്‍ കേള്‍ക്കുന്നവരുടെ വളരെ സബ്ജക്ടീവായ അനുഭവത്തെയും പാരായണ ശബ്ദത്തിന്റെ അതിഭൗതികമായ യാഥാര്‍ത്ഥ്യത്തെയും കുറിച്ച പഠനങ്ങള്‍ ഇസ്ലാമിലെ മിസ്റ്റിക്കലായ സാഹിത്യത്തിലല്ലാതെ മറ്റെവിടെയും കാണാന്‍ കഴിയില്ല. കാരണം മിസ്റ്റിക്കുകളെ സംബന്ധിച്ചിടത്തോളം അനുഭവപരമായ ജ്ഞാനത്തിലൂടെയല്ലാതെ (മഅ്‌രിഫത്ത്) പരമമായ യാഥാര്‍ത്ഥ്യത്തെ (Absolute Reality) അറിയുക സാധ്യമല്ല. വളരെ ഒബ്ജക്ടീവായ, ജ്ഞാനവും ജ്ഞാനാന്വേഷിയും വൈരുദ്ധ്യത്തോടെ നിലനില്‍ക്കുന്ന അനുഭവമോ രീതിശാസ്ത്രമോ സൂഫി ലോകവീക്ഷണത്തിന് അന്യമാണ്. അതുകൊണ്ടാണ് ഖുര്‍ആന്‍ സൂഫികളുടെ ശരീരഭാഗമെന്ന പോലെ നിലനില്‍ക്കുന്നത്. ഖുര്‍ആനെ സൗന്ദര്യശാസ്ത്രപരമായി അവര്‍ക്ക് സമീപിക്കാന്‍ സാധിക്കുന്നതും അതുകൊണ്ടാണ്. ഒരു ഒബ്ജക്ട് എന്ന നിലയില്‍ ഖുര്‍ആനുമായി സാധ്യമാകുക വ്യാവഹാരികമായ (discursive) ബന്ധം മാത്രമാണ്. എന്നാല്‍ ഒബ്ജക്ട്\സബ്ജക്ട് എന്നിങ്ങനെയുള്ള വളരെ പരിമിതമായ ഇടങ്ങള്‍ക്കുമപ്പുറത്തേക്ക് സഞ്ചരിക്കുന്നതു കൊണ്ടാണ് ഖുര്‍ആനുമായുള്ള സൂഫികളുടെ ബന്ധം മിസ്റ്റിക്കലും സൗന്ദര്യശാസ്ത്രപരവുമാകുന്നത്.

സംഗീതാത്മകവും ഭാഷാശാസ്ത്രപരവുമായ ശബ്ദവിന്യാസങ്ങള്‍ക്ക് തസവ്വുഫില്‍ അതീവപ്രാധാന്യമാണുള്ളത്. മനുഷ്യയുക്തിയുടെ ഭാവനകള്‍ക്കും അപ്പുറമാണത്. ആന്‍മേരി ഷിമ്മെല്‍ അതിനെക്കുറിച്ച് എഴുതുന്നുണ്ട്. താളാത്മകമായ ശബ്ദവിന്യാസത്തിലൂടെയുള്ള ഖുര്‍ആന്‍ പാരായണം സാധ്യമാക്കുന്ന സൗന്ദര്യശാസ്ത്രപരമായ സ്വീകരണങ്ങളെക്കുറിച്ചാണ് ഷിമ്മെല്‍ എഴുതുന്നത്. സമാ എന്നാണ് ഭാഷാപരമായി ഈ സ്വീകരണങ്ങളെ സൂഫികള്‍ വിശേഷിപ്പിക്കുന്നത്. സമാ എന്നാല്‍ കേള്‍ക്കല്‍ എന്നാണര്‍ത്ഥം. എന്നാല്‍ ഒരു വസ്തുവിനെ കേള്‍ക്കുക എന്ന അര്‍ത്ഥത്തിലല്ല സൂഫികള്‍ ആ വാക്കുപയോഗിക്കുന്നത്. മറിച്ച് സൗന്ദര്യശാസ്ത്രപരമായ വിവിധങ്ങളായ ആവിഷ്‌കാരങ്ങളെ അനുഭവിക്കുന്നതിലൂടെ തൗഹീദിനെ ഉള്‍ക്കൊള്ളുക എന്ന ആശയത്തിന്റെ സാകല്യമായാണ് അവര്‍ സമാ എന്ന പദത്തെ മനസ്സിലാക്കുന്നത്. ‘സമാ’ യിലൂടെ സൂഫികള്‍ സാധ്യമാക്കുന്നത് നഫ്സിന്റെ ശുദ്ധീകരണമാണ്. സംഗീതത്തെയും കവിതയെയും എന്ന പോലെ ഖുര്‍ആനെ കേള്‍ക്കുന്നതിനെയും സൂഫികള്‍ സമാ എന്നുതന്നെയാണ് വിശേഷിപ്പിക്കുന്നത്. അപ്പോള്‍ സമാ എന്നത് ആത്മീയമായ ഒരുള്‍ക്കാഴ്ചയാണ്.

എല്ലാ തരത്തിലുമുള്ള സൗന്ദര്യശാസ്ത്ര അനുഭവങ്ങളെയും സമാ എന്നു വിശേഷിപ്പിക്കാവുന്നതാണ്. അതേസമയം, അസ്സറാജ്, ഹുജ്വീരി, ഖുശൈരി, ഗസ്സാലി, സുഹ്രവര്‍ദി, ബഖ്റാസി തുടങ്ങിയ സൂഫിവര്യന്‍മാരെല്ലാം ഖുര്‍ആനും ഇതര സംഗീതരൂപങ്ങളും കേള്‍ക്കുന്നതിനെയാണ് സമാ എന്നു വിളിക്കുന്നത്. മനോഹരമായ ശബ്ദങ്ങളെ ആസ്വദിക്കാനുള്ള മനുഷ്യരുടെ സഹജമായ അഭിവാജ്ഞയെക്കുറിച്ച് അവര്‍ എഴുതുന്നുണ്ട്. ഈ അഭിവാജ്ഞ തീര്‍ച്ചയായും ഖുര്‍ആനുമായുള്ള സൗന്ദര്യശാസ്ത്ര ബന്ധം രൂപപ്പെടുത്തുന്നതില്‍ ഏറെ നിര്‍ണ്ണായകമാണ്. അതിനാല്‍ തന്നെ സൂഫികളുടെ ‘സമാ’ എന്ന പ്രാക്ടീസും ഖുര്‍ആന്‍ പാരായണവും സ്വീകരണവും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. കേള്‍വിക്കാരനില്‍ അവ ചെലുത്തുന്ന പ്രതിഫലനങ്ങള്‍ ഒന്നുതന്നെയാണ്. പരമമായ യാഥാര്‍ത്ഥ്യത്തെക്കുറിച്ച (Absolute Reality) അന്വേഷണമാണ് രണ്ടിലൂടെയും അവന്‍\അവള്‍ നടത്തുന്നത്. അതിനാല്‍ തന്നെ സൂഫി ഭാവനയില്‍ നിന്ന് ഉയിര്‍ക്കൊണ്ട ‘സമാ’ എന്ന ആത്മീയാനുഭവത്തെ വിശുദ്ധ ഖുര്‍ആനെ കേള്‍ക്കുന്നതില്‍ നിന്നും വായിക്കുന്നതില്‍ നിന്നും വിഭിന്നമായ ഒരാവിഷ്‌കാരമായി മനസ്സിലാക്കേണ്ടതില്ല. ഈ ആത്മീയാനുഭവത്തെ സാക്ഷാല്‍ക്കരിച്ചവരെ ഇമാം ഗസ്സാലി വിളിക്കുന്നത് ഹൃദയങ്ങളുടെ ഉടമാവകാശികള്‍ (അര്‍ബാബുല്‍ ഖുലൂബ്) എന്നാണ്. അതുപോലെ തസവ്വുഫിനെക്കുറിച്ച ആദ്യകാലത്തെ ഗ്രന്ഥങ്ങളിലൊന്നായ കിതാബ് അല്‍ ഉമ്മയില്‍ അബൂ നസര്‍ അ്സ്സറാജും അത്തരം ആളുകളെക്കുറിച്ചെഴുതുന്നുണ്ട്. ‘സമാ’ യിലൂടെ ആത്മീയമായ ഊന്നത്യം കൈവരിച്ച സൂഫി ഖുര്‍ആന്‍ ശ്രോതാക്കളെക്കുറിച്ചാണ് അതില്‍ പറയുന്നത്. അതേസമയം ഞാന്‍ പരിശോധിക്കുന്നത് അവരുടെ അനുഭവം സൗന്ദര്യശാസ്ത്രപരമായിരുന്നോ എന്നാണ്. അതിലൂടെ ഒരുപക്ഷേ നരവംശശാസ്ത്രത്തിന്റെയും (Anthropology) സാമൂഹികശാസ്ത്രത്തിന്റെയും (Sociology) ചരിത്രത്തിന്റെയും (History) ലെന്‍സുകളിലൂടെ മുസ്ലിം ജീവിതാനുഭവങ്ങളെ പരിശോധിക്കുന്ന മുഴുവന്‍ അക്കാദമിക പരിശ്രമങ്ങളുടെയും പരിമിതികളെ മനസ്സിലാക്കാന്‍ സാധിച്ചേക്കാം.

അക്കാദമിക ലോകത്ത് തസവ്വുഫും ഖുര്‍ആനും തമ്മിലുള്ള സവിശേഷമായ ബന്ധത്തെ ഗൗരവതരമായി പരിശോധിക്കുന്ന പഠനങ്ങളൊന്നും പുറത്തിറങ്ങിയിട്ടില്ല. അത്തലബിയുടെ ഗ്രന്ഥത്തെ (Book of Those Slain by the Noble Quran, Who Heard the Quran and Thereupon Died) ഈ വിഷയവുമായി ബന്ധപ്പെട്ട് അവലംബിക്കാവുന്നതാണ്. ഖുര്‍ആന്‍ ശ്രോതാക്കളുടെ സവിശേഷമായ ആത്മീയാനുഭവങ്ങളെ പരമാര്‍ശിക്കുക മാത്രമാണ് അദ്ദേഹം ചെയ്യുന്നത്. തന്റേതായ വ്യാഖ്യാനങ്ങളൊന്നും അദ്ദേഹം നല്‍കുന്നില്ല. ഇമാം ഗസ്സാലി, ശൈഖ് ഹുജ്വീരി, അബ്ദുല്ല അന്‍സാരി തുടങ്ങിയവരുടെ ആഖ്യാനശൈലിയോട് സാമ്യതയുള്ള എഴുത്താണ് അത്തലബിയുടേത്. അതുപോലെ റിച്ചാര്‍ഡ് ഗ്രാംലിച്ചിന്റെ ഖുര്‍ആന്റെ ജര്‍മ്മന്‍ വിവര്‍ത്തനങ്ങളും സൂഫി ഖുര്‍ആന്‍ ശ്രോതാക്കളെക്കുറിച്ച വിവരണം നമുക്ക് നല്‍കുന്നുണ്ട്. നജീബ് മായെല്‍ ഹറാവിയും (തെഹ്റാന്‍) പേര്‍ഷ്യന്‍ ഭാഷയില്‍ എഴുതപ്പെട്ട ‘സമാ’ ഗ്രന്ഥങ്ങളെക്കുറിച്ച വിവരങ്ങള്‍ നമുക്കു നല്‍കുന്നുണ്ട്.

കൂഫയിലെ ‘സമാ’ പ്രാക്ടീസിനെക്കുറിച്ചാണ് അബൂ ഇസ്ഹാഖ് ഇബ്നു മുഹമ്മദ് അത്തലബി എഴുതുന്നത്. അദ്ദേഹം ഒരു മിസ്റ്റിക്ക് ആയിട്ടല്ല അറിയപ്പെടുന്നത്. സുന്നി ലോകത്തുടനീളം ഏറെ വായിക്കപ്പെടുന്ന ഖുര്‍ആന്‍ വ്യാഖാതാവും ഫഖീഹുമാണദ്ദേഹം. മാത്രമല്ല, പ്രവാചകജീവിതത്തെ കുറിച്ച് ബൃഹത്തായ ഒരു ഗ്രന്ഥവും അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹം തന്റെ പുസ്തകത്തില്‍ പരിചയപ്പെടുത്തുന്നത് സൂഫികളായിരുന്ന പത്തൊമ്പത് ഖുര്‍ആന്‍ കേള്‍വിക്കാരെയാണ് (Quran Listeners). കൂഫയെ കേന്ദ്രീകരിച്ച് അവര്‍ നടത്തിയിരുന്ന ഖുര്‍ആന്‍ പാരായണത്തെയും പഠനത്തെയുമാണ് അത്തലബി പരിശോധിക്കുന്നത്. ഖുര്‍ആനിക വചനങ്ങളുടെ സൗന്ദര്യത്തെയല്ല അദ്ദേഹം നോക്കുന്നത്. മറിച്ച്, കേള്‍വിക്കാരുടെ മേല്‍ അത് ചെലുത്തുന്ന ആത്മീയമായ പ്രതിഫലനത്തെയാണ്. അഥവാ, ഖുര്‍ആന്‍ കേട്ടിട്ട് ഹൃദയം തകര്‍ന്ന് മരിച്ചുവീണ മിസ്റ്റിക്കുകളെക്കുറിച്ചാണ് അദ്ദേഹമെഴുതുന്നത്. സൂഫികളും ഖുര്‍ആനും തമ്മിലുള്ള സവിശേഷമായ ബന്ധത്തെ അവതരിപ്പിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. സൂഫികളുടെ ബൗദ്ധിക ജീവിതത്തെക്കുറിച്ച വിവരങ്ങളും അത്തലബി നല്‍കുന്നുണ്ട്. സൂഫികളെക്കുറിച്ച ഇമാം ഗസ്സാലിയുടെ പ്രസിദ്ധമായ പരാമര്‍ശത്തെ മുന്‍നിര്‍ത്തിയാണ് അദ്ദേഹം ഖുര്‍ആനുമായുള്ള അവരുടെ ബന്ധത്തെ അടയാളപ്പെടുത്തുന്നത്. ഇമാം ഗസ്സാലി പറയുന്നത് നോക്കൂ: ‘വാഗ്ദാനത്തിന്റെയും അഭിനന്ദനത്തിന്റെയുമെല്ലാം സൂക്തങ്ങളെ തങ്ങള്‍ക്കുള്ള അഭിസംബോധനയായി കണക്കാക്കാന്‍ അവര്‍ ധൈര്യപ്പെടുകയില്ല. മറിച്ച്, വഴിതെറ്റിയവരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഖുര്‍ആന്റെ ഭീഷണികളെ തങ്ങളോടുള്ള അഭിസംബോധനയായാണ് അവര്‍ മനസ്സിലാക്കുന്നത്.’ ഇമാം ഗസ്സാലിയുടെ ഈ പരാമര്‍ശത്തെ മുന്‍നിര്‍ത്തി അത്തലബി പറയുന്നത് ഖൗഫ് എന്ന പദത്തിന്റെ ആശയസാകല്യത്തെ കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ സൂഫികളും ഖുര്‍ആനും തമ്മിലുള്ള ബന്ധത്തെ തിരിച്ചറിയാന്‍ കഴിയുമെന്നാണ്. ഇവിടെ ഖൗഫ് എന്ന പദത്തെ കേവലമായ ഭാഷാര്‍ത്ഥത്തില്‍ (ഭയം) മാത്രം മനസ്സിലാക്കാന്‍ കഴിയില്ല. മനുഷ്യന്റെ നിരവധി ആത്മീയാവസ്ഥകളില്‍ ഒന്നായാണ് ഖൗഫിനെ സൂഫികള്‍ മനസ്സിലാക്കുന്നത്. നിര്‍ണ്ണിതമായ ഭാഷാര്‍ത്ഥത്തില്‍ ഒതുങ്ങുന്നതല്ല അതിന്റെ ആശയപ്രപഞ്ചം. അതൊരനുഭവമാണ്. ഭാഷയെയും യുക്തിയെയുമെല്ലാം അതിവര്‍ത്തിക്കുന്ന അനുഭവം. ‘അര്‍ത്ഥ’മറിയാതെ ഖുര്‍ആനോതുന്നവര്‍ എന്ന് ചരിത്ര കുതുകികള്‍ കളിയാക്കുന്ന വല്ലിമ്മമാരും വല്ലിപ്പമാരുമെല്ലാം ഖൗഫ് എന്ന ആത്മീയാവസ്ഥയെ സാക്ഷാല്‍ക്കരിച്ചവരാണ്. അവര്‍ക്കെന്തിനാണ് ഭാഷ? പരിഷ്‌കാരികള്‍ക്കല്ലേ ഭാഷയും യുക്തിയും ചരിത്രവുമെല്ലാം വേണ്ടത്?

മുഹമ്മദ് മുസ്തഫാ (സ) യെക്കുറിച്ച നിരക്ഷരന്‍ എന്ന വിശേഷണത്തെ എങ്ങനെയാണ് ചരിത്ര സ്നേഹികള്‍ മനസ്സിലാക്കുന്നത് എന്ന് നോക്കിയാല്‍ തന്നെ ഭാഷയും ചരിത്രവും യുക്തിയുമെല്ലാം എത്രമാത്രം അവരെ സ്വാധീനിച്ചിട്ടുണ്ട് എന്ന് കാണാം. ഒന്നും വായിക്കാനറിയാത്ത പാവത്താനായ മുഹമ്മദിന് അല്ലാഹു ഖുര്‍ആന്‍ പഠിപ്പിച്ചു കൊടുത്തു എന്ന ലളിത ആശയമാണ് അവരതിന് നല്‍കുന്നത്. എന്നാല്‍ ഭാഷ, ചരിത്രം, യുക്തി, സമയം, കാലം തുടങ്ങിയ എല്ലാ മെറ്റീരിയാലിറ്റിയെയും മറികടക്കുന്ന നൂറാണ് മുഹമ്മദ് എന്ന് വായിക്കാന്‍  അവര്‍ക്ക്  ഓണ്‍ടോളജിക്കലായി സാധ്യമല്ല. ഹെഗലിയന്‍ ചരിത്രവീക്ഷണം സമ്മാനിച്ച ജ്ഞാനശാസ്ത്രപരവും (Epistemological) ഭാവശാസ്ത്രപരമവുമായ (ontological) ലോകബോധത്തില്‍ നിന്ന് പുറത്തുകടക്കാതെ ഒരിക്കലും ഈ ചോദ്യത്തെ അഭിമുഖീകരിക്കാന്‍ കഴിയില്ല. കാരണം, ‘ചരിത്ര’ത്തെയും ‘വര്‍ത്തമാന’ത്തെയുമെല്ലാം നാം വീക്ഷിക്കുന്നത് ആധുനികതയുടെ അധീശമായ ലോകബോധത്തില്‍ നിന്നാണ്. മുസ്ലിംകളെക്കുറിച്ച എല്ലാ വായനകളും കുടുങ്ങിക്കിടക്കുന്നത് അവിടെയാണ്. ഖദ്റിനെക്കുറിച്ച എന്റെ വിവരക്കേട് രൂപപ്പെടുന്നതും ഈ ലോകബോധം ഓണ്‍ടോളജിക്കലായി എന്റെയുള്ളില്‍ നിലനില്‍ക്കുന്നത് കൊണ്ടാണ്. എന്റെ സുഹൃത്തായ ആ പരിഷ്‌കാരിയുടെ പരിഷ്‌കരണ വ്യഥകളും അങ്ങനെയാണ് ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ ഈ വ്യഥകള്‍ നിര്‍മ്മിക്കപ്പെടുന്ന ഇടങ്ങളില്‍ നിന്ന് മുക്തി നേടിയെങ്കില്‍ മാത്രമേ ഹിള്റിന്റെ ചരിത്രവിരുദ്ധതയുടെ ഹിക്മത്ത് പിടികിട്ടുകയുള്ളൂ. അല്ലെങ്കില്‍ കാലാകാലവും വല്ലിമ്മമാരുടെ ഖുര്‍ആനോത്തുകളെ പരിഷ്‌കരിക്കാനുള്ള വിപ്ലവാലോചനയാല്‍ കാലം കഴിക്കേണ്ടി വരും.

 

പ്രിയസുഹൃത്തുക്കളായ വാജിദ്, അഹദ്, മുഹമ്മദ് ഷാ, ഹുദൈഫ, അന്‍വര്‍ ഹനീഫ, സ്വാലിഹ്. സി.എച്ച്, ഫാരിസ്, ഫാസില്‍ ഫിറോസ്, ശരീഫ്, ജൗഹര്‍ എന്നിവരുമായി പല സന്ദര്‍ഭങ്ങളിലായി നടന്ന സൗഹൃദ സംഭാഷണങ്ങള്‍ ഈ എഴുത്തിനെയും ഉള്ളടക്കത്തെയും ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്.

 

Reference

Sayyid Hussain Nasr, The Study Quran: Translation and Commentary 

Abu Ishaq at-tabari, Book of Those Slain by the Noble Quran, Who Heard the Quran, and Thereupon Died

Imam Gazzali, Deliverance from evil

Laura Marks, Enfoldment and infinity

Rudolph T. Ware, The Walking Qur’an: Islamic Education, Embodied Knowledge, and History in West Africa

Mystical Dimension of Islam, Annmerie Schimmel

Shaikh Qusheiri, Principles of Sufism

André Breton, Manifestoes of Surrealsim

 

ഖുര്‍ആന്‍ കേള്‍ക്കലിനെയും വായിക്കലിനെയും കുറിച്ച വ്യത്യസ്തങ്ങളായ സംവാദങ്ങളുടെ ഭാഗമായാണ് കാമ്പസ് അലൈവ് ഈ പഠനത്തെ കാണുന്നത്.  ചര്‍ച്ചകള്‍ ക്ഷണിക്കുന്നു.

 

 

സഅദ് സല്‍മി

Most popular

Most discussed