മുസ്‌ലിം രാഷ്ട്രീയ കര്‍തൃത്വവും പ്രതിനിധാനങ്ങളുടെ രാഷ്ട്രീയവും

സോഫിയ റോസ് അര്‍ജന-ഫുആദ്.ടി.പി, ജിഷാന. എന്‍

crusades

അമേരിക്കയിലെ ഇല്ലിഫ് സ്‌കൂള്‍ ഓഫ് തിയോളജിയില്‍ ഇസ്‌ലാമിക് സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫസറായ സോഫിയ റോസ് അര്‍ജാന തന്റെ പുതിയ പുസ്തകത്തെക്കുറിച്ച് ( Muslims in the Western Imagination) സംസാരിക്കുന്നു.

തയ്യാറാക്കിയത്: ഫുആദ്.ടി.പി, ജിഷാന. എന്‍

താങ്കള്‍ ഈ പ്രൊജക്റ്റില്‍ എങ്ങനെയാണ് ആകൃഷ്ടയായത്?.

ഈ പ്രൊജക്റ്റിന്റെ ഭാഗമായതിന്റെ പിന്നില്‍ എന്റെ സ്വയം താല്‍പര്യം തന്നെയാണ്. Pacific Islands studies ല്‍ നരവംശ ശാസ്ത്രത്തിലാണ് എന്റെ ബാച്ചിലേഴ്‌സ് ഡിഗ്രി. കൊളംബിയ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് കലാചരിത്രം, ആര്‍കിയോളജി എന്നിവയില്‍ ആദ്യ മാസ്‌റ്റേഴ്‌സ് ഡിഗ്രിയും കാന്റ്‌ലര്‍ സ്‌കൂള്‍ ഓഫ് തിയോളജിയില്‍ നിന്ന് ദൈവശാസ്ത്രം, എതിക്‌സ് എന്നിവയില്‍ രണ്ടാമത്തെ മാസ്‌റ്റേഴ്‌സ് ഡിഗ്രിയും ഇല്ലിഫ് സ്‌കൂള്‍ ഓഫ് തിയോളജിയില്‍ നിന്ന് പിഎച്ഡിയും ഞാന്‍ കരസ്ഥമാക്കിയിട്ടുണ്ട്. തുടര്‍ന്ന് അവിടെ തന്നെ വിസിറ്റിംഗ് പ്രൊഫസറായി ജോലി നോക്കുന്നു. മുസ്‌ലിംകള്‍ക്ക് ചുറ്റും അരങ്ങേറുന്ന കുറ്റകൃത്യങ്ങളുടെ കണക്കുകളാണ് എന്നെ ഈ പ്രൊജക്റ്റിലേക്ക് ആകര്‍ഷിച്ചത്. എന്ത് കൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്ന ചോദ്യം വലിയ ആശങ്കയായി എന്നെ ആലോസരപ്പെടുത്തി. അതിന് പുറമെ എഡ്വേര്‍ഡ് സൈദിന്റെ വര്‍ക്കുകളില്‍ ഈയിടെ ഞാന്‍ നന്നായി എന്‍ഗേജ് ചെയ്യുന്നുണ്ട്. അവയുടെ കൂട്ടത്തില്‍ മുസ്‌ലിം സ്ത്രി പ്രതിനിധാനം സംബന്ധിച്ച രചനകള്‍ വളരെ ശ്രദ്ധേയമാണ്. അതിനു ബദലായി മുസ്‌ലിം പുരുഷ പ്രതിനിധാനം കാതലാവുന്ന സംവാദസാധ്യതകളാണ് എന്നെ ഈ രചനയിലേക്ക് കൊണ്ടെത്തിച്ചത്. പുരുഷ പ്രതിനിധാനം രൂപപ്പെടുന്ന സംവാദങ്ങളില്‍ പുരുഷ ശരീരം എങ്ങനെ പരിഗണന, അച്ചടക്കം, ശിക്ഷ എന്നീ മുറകള്‍ക്ക് വിധേയപ്പെടുന്നുവെന്നതിന്റെ ചരിത്രം അറിയണമെന്ന് തോന്നി. അതുവഴി ഫൂക്കോയുടെ പവര്‍ സംബന്ധിച്ച സംവാദങ്ങളില്‍ ആകൃഷ്ടയായി.

Edward_Said

കുറ്റകൃത്യത്തിന്റെ സാങ്കേതിക പദങ്ങള്‍ ഉപയോഗിക്കുന്നതിലെ സൂക്ഷമത താങ്കളുടെ പുസ്തകത്തേയും ഭാഷയേയും വേറിട്ടു നിര്‍ത്തുന്നു. സ്വയം വീക്ഷണങ്ങള്‍ അപഗ്രഥിക്കുന്നതില്‍ പ്രത്യേകമായ പദാവലിക്ക് പ്രാധാന്യമുണ്ടോ?.

പുസ്തകത്തിന്റെ മുഖ്യഭാഗവും വ്യവഹരിക്കുന്നത് Muslim Monsters അഥവാ ‘മുസ്‌ലിം പുരുഷരാക്ഷസര്‍’ എന്ന ഭാവനാത്മകമായ സാങ്കേതിക ഉപയോഗത്തിന്റെ വംശാവലിയെ കുറിച്ചാണ്. പുസ്തകത്തിന്റെ അവസാന അധ്യായത്തില്‍ ഞാന്‍ മുഖ്യമായും വാദിക്കാന്‍ ശ്രമിക്കുന്നത് ഈ സംവാദങ്ങളില്‍ മുസ്‌ലിം പുരുഷ ശരീരം എങ്ങനെയൊക്കെയാണ് വ്യവഹരിക്കപ്പെടുന്നത് എന്നതിനെക്കുറിച്ചാണ്. പുസ്തകത്തിലുടനീളം പ്രകടമായ ഉദാഹരണങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. പ്രധാനമായും ഞാന്‍ പരിശോധിക്കുന്നത് പുരുഷശരീരം എങ്ങനെ സൈനികപരമായി കൈകാര്യം ചെയ്യപ്പെടുന്നു എന്നതാണ്. യൂറോപ്പിലും മറ്റും എങ്ങനെ മുസ്‌ലിംകളെ അച്ചടക്കത്തിന് വിധേയമാക്കുന്നുവെന്നതും ചര്‍ച്ച ചെയ്യുന്നു. വസ്ത്രധാരണയിലേര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും മറ്റും അതിനുദാഹരണങ്ങളാണ്.

മുസ്‌ലിം സ്ത്രീകള്‍, പുരുഷന്മാര്‍ എന്നിവരെ കുറിച്ചുള്ള ഓറിയന്റല്‍ ഇമേജുകള്‍ വളരെയധികം റൊമാന്റിക് ആയാണ് നിലനില്‍ക്കുന്നത്. ഇതിനെയാണ് റൊമാന്റിക് ഓറിയന്റലിസം എന്ന് വിളിച്ചുപോരുന്നത്. മുസ്‌ലിം വിരുദ്ധസാഹിത്യങ്ങളുടെ ചരിത്രം വായിക്കുമ്പോള്‍ അവകളിലെ കഥാപാത്രങ്ങളുടെ സവിശേഷ ഗുണങ്ങള്‍ എന്നെ താല്‍പര്യപ്പെടുത്തി. ഇന്ന് കാണുന്ന രീതിയില്‍ മുസ്‌ലിംകള്‍ ട്രീറ്റ് ചെയ്യപ്പെടാനുളള കാരണം ഇത്തരത്തിലുള്ള കഥാപാത്രങ്ങളെ രൂപപ്പെടുത്തുന്നതിന് പിന്നിലെ ആഴത്തിലുള്ള താഴ്‌വേരുകളാണെന്ന് ഞാന്‍ അനുമാനിക്കുന്നു. മധ്യകാല സാഹിത്യങ്ങളിലെ നായ്തലയുള്ള cynocephalus പുതിയ കാലത്തെ തീവ്രവാദി മുസ്‌ലിംകളുടെ സ്റ്റീരിയോ ടൈപ്പ് ആണെന്ന് ഞാന്‍ വാദിക്കുന്നില്ല. മുസ്‌ലിംകളെ സംബന്ധിച്ച് വിശിഷ്യാ മുസ്‌ലിം പുരുഷന്മാരെ തൃണവത്കരിക്കുന്ന എണ്ണമറ്റ ഇമേജുകളും പ്രതിനിധാനങ്ങളും പടിഞ്ഞാറന്‍ സാഹിത്യത്തില്‍ കാണാനാവും. പടിഞ്ഞാറില്‍ നിലനില്‍കുന്ന സാങ്കല്‍പിക സൃഷ്ടികളുടെ (ഇമേജിനറി ക്രിയേച്വേര്‍സ്) ചരിത്രം പിന്തുടരല്‍ അപ്രാപ്യമായത് കൊണ്ടാണ് നമ്മുടെ ഇമേജിനേഷനുകളില്‍ ജീവിക്കുന്ന മുസ്‌ലിം ഇമേജുകളെ കുറിച്ച് പഠിക്കാനൊരുമ്പെട്ടത്. പടിഞ്ഞാറ് മുസ്‌ലിംകളെ നോക്കിക്കാണുന്ന രീതിയെ സ്വാധീനിക്കും വിധം സാങ്കല്‍പിക സൃഷ്ടികള്‍ അപകടകരമാകുന്നുണ്ട്‌.

 ഇമേജിനേഷന്‍ എന്ന പ്രക്രിയക്ക് വലിയ സ്വാധീനങ്ങളുണ്ടെന്ന് പറഞ്ഞല്ലോ. പുസ്തകത്തിലും തലവാചകത്തിലുമുപയോഗിക്കുന്ന മുസ്‌ലിം എന്ന പദം വെറും മുസ്‌ലിം എന്നതിലപ്പുറം സൂചിപ്പിക്കുന്നില്ലേ? എങ്ങനെ അറബ്, വിദേശി, കറുത്തവന്‍, ജൂതന്‍ എന്നീ ഭിന്നമായ മറ്റു കാറ്റഗറികളെ നിരാകരിക്കാനാകും?. പുസ്തകത്തിന്റെ പാശ്ചാത്തലത്തില്‍ മുസ്‌ലിം എന്ന പദത്തിന്റെ സൂചകങ്ങളെ കുറിച്ച്?

ഈ ഗവേഷണം ആരംഭിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ യൂറോപിന്റെ മധ്യകാല സാഹിത്യങ്ങളില്‍ വ്യവഹരിക്കപ്പെട്ടിരുന്ന മുസ്‌ലിം രാക്ഷസ കഥാപാത്രങ്ങള്‍ എന്നെ താല്‍പര്യപ്പെടുത്തിയിട്ടുണ്ട്. മിഡീവലിസ്റ്റുകളായ ജോണ്‍ ടോളന്‍, ജെഫ്രി ജെറോം കോഹന്‍ എന്നിവര്‍ മധ്യകാല യൂറോപ്പില്‍ മുസ്‌ലിംകള്‍ എങ്ങെനെ ട്രീറ്റ് ചെയ്യപ്പെട്ടുവെന്നതിനെ കുറിച്ച് ഗഹനമായ പഠനം നടത്തിയവരാണ്. മധ്യകാല മുസ്‌ലിംകള്‍ (sarrazins) ജൂതരായ അധഃസ്ഥിത വിഭാഗത്തെപ്പോലെയാണ് ഗണിക്കപ്പെട്ടിരുന്നത്. ഉദാഹരണമായി ബ്ലാക്ക് സെറാസൈന്‍ എന്ന രാക്ഷസരൂപമുള്ള സാങ്കല്‍പിക സൃഷ്ടി കറുത്ത തൊലി, തലപ്പാവ്, ക്രിസ്തീയ വിരുദ്ധത എന്നീ മുന്ന് പ്രശ്‌നപരമായ സ്വത്വങ്ങളുടെ ചേരുവയാല്‍ നിര്‍മിക്കപ്പെട്ടതാണ്. ഇത്തരം കഥാപാത്ര നിര്‍മാണങ്ങളില്‍ തെളിഞ്ഞു കാണുന്നത് വംശീയമായി പാര്‍ശ്വവല്‍കരിക്കപ്പെട്ട മുസ്‌ലിം എന്ന കാറ്റഗറിയെയാണ്. മധ്യകാലത്ത് നിലനിന്നിരുന്ന വംശപരമായ ആശയങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ആധുനിക കാലത്ത് ഐഡന്റിറ്റിയെ രൂപപ്പെടുത്തുന്ന എത്‌നോജനോസിസുമായി ബന്ധപ്പെട്ട് പുതിയ പല ആശയങ്ങളും നിലവിലുണ്ട്. മുസ്‌ലിം സ്വത്വങ്ങളെ കുറിച്ച് പടിഞ്ഞാറന്‍ ക്രിസ്ത്യാനികളില്‍ കണ്ടുവരുന്ന പലതരത്തിലുള്ള ആശങ്കകള്‍ മുസ്‌ലിം രാക്ഷസ കഥാപാത്രങ്ങളെ നിര്‍മിക്കുന്നതില്‍ സ്വാധീനിക്കുന്നു. മധ്യകാല യൂറോപ്യന്‍ സാഹിത്യത്തില്‍ കാണപ്പെടുന്ന ജൂത-മുസ്‌ലിം സങ്കര കഥാപാത്രങ്ങള്‍ ഇതിനുദാഹരണങ്ങളാണ്. വായനക്കാര്‍ക്കിടയില്‍ വിഖ്യാതനായ ബ്രാം സ്‌റ്റോക്കറുടെ ഡ്രാക്കുള എന്ന കഥാപാത്രം ജൂത-മുസ്‌ലിം സങ്കര സ്വത്വത്തെ പ്രതിനിധീകരിക്കുന്നു. സെമിറ്റിക് വിരുദ്ധതയാണ് നോവലിന്റെ വിശാല ഇതിവൃത്തമായി വികസിക്കുന്നത്. രാക്ഷസന്മാരുടെ സവിശേഷഗുണങ്ങള്‍ ചര്‍ച്ച ചെയ്യുന്നിടത്ത് മുഷിഞ്ഞ വാസനയും മങ്ങിയ തൊലിനിറവും കഥാകാരന്‍ ഉള്‍പ്പെടുത്തുന്നുണ്ട്. ഇവ സൂചിപ്പിക്കുന്നത് ആ കാലത്തെ ജൂതവിരുദ്ധ സാഹിത്യങ്ങളുടെ പൊതു സ്വഭാവത്തെയാണ്. മങ്ങിയ തൊലി നിറമുള്ള ജൂത പുരുഷന്മാരും അവരുടെ സ്ഖലനവും ജൂതവിരുദ്ധ സാഹിത്യങ്ങളില്‍ നന്നായി ആക്ഷേപിക്കപ്പെട്ട ഒന്നായിരുന്നു. അതിനു പുറമെ നോവലില്‍ പ്രത്യക്ഷപ്പെടുന്ന ഒരു രാക്ഷസ കഥാപാത്രത്തിന്റെ ശരീര രോമങ്ങളുടെ ആധിക്യം സൂചിപ്പിക്കുന്നത് അയാള്‍ ടര്‍കിഷോ മുസ്‌ലിമോ ആണ് എന്നതിലേക്കാണ്. അത് പോലെത്തന്നെ വൈവിധ്യങ്ങളായ സ്വത്ത്വങ്ങളെ കൂട്ടിയിണക്കി മുസ്‌ലിം രാക്ഷസ കഥാപാത്രങ്ങളെ നിര്‍മിച്ചെടുക്കുന്ന പ്രവണത മധ്യകാല കൊളോണിയല്‍ സാഹിത്യങ്ങളില്‍ സജീവമായിരുന്നു.

Cs5kP5En31M7GnHhiDMMYwPe
പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന സെമിറ്റിക് വിരുദ്ധത താങ്കള്‍ വിശദീകരിച്ചുവല്ലോ. വളരെ കാലങ്ങള്‍ക്കു ശേഷം ഉപയോഗത്തില്‍ വന്ന ഇസ്‌ലാമോഫോബിയ എന്ന സാങ്കേതിക പദം എങ്ങനെയാണ് നൂറുവര്‍ഷങ്ങള്‍ക്കു മുമ്പുള്ള മുസ്‌ലിം പ്രശ്‌നങ്ങളെ അപഗ്രഥിക്കുമ്പോള്‍ ഒത്തുപോകുന്നത്?

ഇസ്‌ലാമോഫോബിയ എന്ന സാങ്കേതിക പദം ആനുകാലികമായ ഒന്നാണ്. പുസ്തകം വ്യവഹരിക്കുന്നത് മുസ്‌ലിം വിരുദ്ധ സാഹിത്യങ്ങളിലെയും സിനിമകളിലെയും മുസ്‌ലിം രാക്ഷസ കഥാപാത്രങ്ങളെയാണ്. സൂക്ഷമാര്‍ഥത്തില്‍ ഇസ്‌ലാമോഫോബിയ എന്ന പദാവലി ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ നിര്‍മിതിയാണെങ്കില്‍ കൂടി, ഇസ്‌ലാംഭീതി കൂടുതല്‍ വളര്‍ന്നത് മുസ്‌ലിം വിരുദ്ധ സാഹിത്യങ്ങളിലൂടെയാണ്. മുസ്‌ലിം വിരുദ്ധസാഹിത്യങ്ങള്‍ക്ക് പഴക്കം ചെന്ന വലിയ ചരിത്രം തന്നെയുണ്ട്. ഇസ്‌ലാമോഫോബിയ എന്ന സാങ്കേതിക പദം അര്‍ത്ഥമാക്കുന്നത് ഇസ്‌ലാമിനെയും മുസ്‌ലിം ബോഡികളുടെ സ്വത്വപ്രതിനിധാനങ്ങളെയും ബാധിക്കുന്ന ആശങ്കകളും പേടിയുമാണ്. ചരിത്രപരമായി മുഖ്യധാരയില്‍ ഇസ്‌ലാമോഫോബിയ നടപ്പിലാക്കുന്നതിന്ന് വ്യത്യസ്ഥമായ വഴികളും മാര്‍ഗങ്ങളും പടിഞ്ഞാറ് തന്ത്രപൂര്‍വ്വം നിര്‍മിച്ചെടുത്തിട്ടുണ്ട്. ഇസ്‌ലാമോഫോബിയ എന്ന സാങ്കേതിക പദ സംബന്ധിയായ ചര്‍ച്ചകള്‍ മുസ്‌ലിം വിരുദ്ധ സാഹിത്യങ്ങളെക്കാള്‍ ആഴവും സങ്കീര്‍ണ്ണവുമായ അടരുകളുള്ളതാണ്. ആന്റീസെമിറ്റിസം വ്യവഹരിച്ച ചരിത്രകാരന്മാര്‍ ജൂതവിരുദ്ധ സാഹിത്യങ്ങളെയും മറ്റും വേര്‍തിരിച്ച് രേഖപ്പെടുത്തുന്നത് കൊണ്ട് ശക്തമായ പാര്‍ശ്വവത്കരണമാണ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്.

പുസ്തകം കൈകാര്യം ചെയ്യുന്ന സാങ്കേതിക പദങ്ങളുടെ ഉപയോഗം വളരെ സൂക്ഷമമായി താങ്കള്‍ ആവിഷ്‌കരിക്കുന്നുണ്ട്. വ്യത്യസ്ഥ പാശ്ചാത്തലങ്ങള്‍ക്കനുസൃതമായ ആകുലതകളാണ് താങ്കള്‍ പങ്കുവെക്കുന്നത്. താങ്കള്‍ എഡ്വേര്‍ഡ് സൈദിനെക്കുറിച്ചും ഓറിയന്റലിസത്തെക്കുറിച്ചും പരാമര്‍ശിച്ചുവല്ലോ. പ്രസ്തുത പുസ്തകം അര്‍ത്ഥമാക്കുന്ന ഓറിയന്റലിസത്തിന്റെ പശ്ചാത്തലങ്ങളെകുറിച്ച്? ഈ പ്രോജക്ടിനായുള്ള ആശയരൂപീകരണത്തില്‍ എഡ്വേര്‍ഡ് സൈദ് എത്രത്തോളം സ്വാധീനിച്ചു?

പ്രൊഫ. അര്‍ച്ചന: 1798ലെ നെപ്പോളിയന്റെ ഈജിപ്ഷ്യന്‍ കടന്നുകയറ്റമാണ് ഓറിയന്റലിസത്തിന്റെ തുടക്കമായി ചരിത്രപണ്ഡിതന്മാര്‍ രേഖപ്പെടുത്തുന്നത്. അതോടൊപ്പം തന്നെ വ്യത്യസ്ഥങ്ങളായ മറ്റനേകം നിര്‍വ്വചനങ്ങളും ഓറിയന്റലിസത്തിനുണ്ട്. ഓറിയന്റലിസം എന്ന പുസ്തകത്തില്‍ എഡ്വേര്‍ഡ് സൈദ് തന്നെ ഈ സാങ്കേതിക പദത്തിന്റെ അര്‍ത്ഥതലങ്ങള്‍ വ്യക്തമായി അടയാളപ്പെടുത്തുന്നത് കാണാം. പൊതുവെ ഓറിയന്റലിസം എന്ന സാങ്കേതിക പദം അടയാളപ്പെടുത്തുന്നത് പൗരസ്ത്യ പ്രദേശങ്ങളെയും മുസ്‌ലിം ഇമേജിനറികളെയും രൂപപ്പെടുത്തുന്ന സംവാദങ്ങളും ആശയധാരകളുമായിട്ടാണ്. പടിഞ്ഞാറ്, പൗരസ്ത്യം അല്ലെങ്കില്‍ മുസ്‌ലിം, ക്രിസ്ത്യന്‍ എന്ന കപട ദ്വന്തങ്ങളെ നിര്‍മിച്ചെടുക്കുന്നതില്‍ പൗരസ്ത്യവാദത്തിന് വ്യക്തമായ പങ്കുണ്ട്. മുസ്‌ലിം വിരുദ്ധസാഹിത്യങ്ങള്‍ക്ക് ചോദന നല്‍കുന്ന സംവാദങ്ങളാണ് പൗരസ്ത്യവാദത്തിന്റെ കാതലായ ഉള്ളടക്കമെന്നതാണ് ഞാന്‍ വാദിക്കാന്‍ ശ്രമിക്കുന്നത്. എന്റെ കാഴ്ചപ്പാടുകളിലെ ചില മുന്‍ധാരണകളെ മാറ്റിയെടുക്കാന്‍ എഡ്വേര്‍ഡ് സൈദിന്റെ ആശയങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആശയങ്ങളില്‍ മൂന്നുകാര്യങ്ങളാണ് എന്നെ ശക്തമായി സ്വധീനിച്ചത്. ഒന്നാമതായി മുസ്‌ലിം വിരുദ്ധ സാഹിത്യങ്ങളില്‍ പൗരസ്ത്യദേശങ്ങള്‍ രാക്ഷസന്മാരുടെ പാര്‍പ്പിടങ്ങളായി അവതരിപ്പിക്കപ്പെടുന്നുവെന്ന് ഒരു ഡോക്യുമെന്ററിക്ക് വേണ്ടിയുള്ള ഇന്റര്‍വ്യൂവില്‍ സൈദ് പറയുന്നത് കാണാം. മുസ്‌ലിം പുരുഷ ശരീരങ്ങള്‍ എന്തുകൊണ്ട് അതിലൈംഗീകത, അതിക്രമം, അരാജകത്വം എന്നിവയടങ്ങുന്ന കഥാപാത്രങ്ങളായി അവതരിപ്പിക്കപ്പെടുന്നുവെന്ന ആശങ്കയാണ് രണ്ടാമത്തേത്. ഓറിയന്റലിസം പ്രതിനിധീകരിക്കുന്നത് സെമിറ്റിക് വിരുദ്ധ ആശയങ്ങളെയും സംവാദങ്ങളെയുമാണെന്നതാണ് മൂന്നാമത്തേത്. ഫൂക്കോയുടെ ബോഡിയെക്കുറിച്ചുള്ള സംവാദങ്ങളെ അടിസ്ഥാനപ്പെടുത്തി അവതരിപ്പിക്കപ്പെട്ട എഡ്വേര്‍ഡ് സൈദിന്റെ ഈ മൂന്ന് നിരീക്ഷണങ്ങള്‍ എന്റെ പുസ്തകത്തിന് വളരെയധികം സഹായകമായിട്ടുണ്ട്.

പൗരസ്ത്യ വാദത്തില്‍ ജെന്റര്‍ സംബന്ധിയായ കാര്യങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് പറഞ്ഞല്ലോ.ലിംഗപരമായി താങ്കളുടെ പുസ്തകം മുഖ്യമായും കൈകാര്യം ചെയ്യുന്നത് പുരുഷന്മാരെ സംബന്ധിച്ചാണല്ലോ? അതിനെക്കുറിച്ചൊന്ന് വിശദീകരിക്കാമോ?

മുസ്‌ലിം സ്ത്രീകളെ പിന്നാക്കക്കാരും അബലരും അടിച്ചമര്‍ത്തപ്പെട്ടവരുമായി അടയാളപ്പെടുത്തുന്ന ഓറിയന്റല്‍ രചനകള്‍ അനവധിയാണ്. മുസ്‌ലിം സ്ത്രീകളെ ബലാല്‍സംഘം ചെയ്യുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്ന അധികാര സ്വഭാവമുള്ള കഥാപാത്രങ്ങളായാണ് മുസ്‌ലിം പുരുഷന്മാര്‍ ഓറിയന്റല്‍ രചനകളില്‍ അവതരിപ്പിക്കപ്പെടുന്നത്. പരസ്പരാശ്രിത സ്ത്രീപുരുഷവംശത്തെ അടിച്ചമര്‍ത്തുന്നവരും അടിച്ചമര്‍ത്തപ്പെട്ടവരുമായി വേര്‍തിരിക്കുന്ന ഓറിയന്റല്‍ രചനകളില്‍ വെള്ളക്കാരെ വൈറ്റ് ഹീറോകളായി, മുസ്‌ലിം സ്ത്രീകളുടെ രക്ഷക്കെത്തുന്ന വിമോചകരായി ചിത്രീകരിക്കുന്നു. ഓറിയന്റല്‍ രചനകളില്‍ ലിംഗപരമായി സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നവരായിട്ടാണ് അവര്‍ പ്രത്യക്ഷപ്പെടുന്നത്.

മുസ്‌ലിം വിരുദ്ധ സാഹിത്യങ്ങളുമായി ബന്ധപ്പെട്ട് ആധുനികവും പൂര്‍വ്വാധുനികവുമായ ആശയങ്ങള്‍ വളരെ വ്യത്യസ്ഥമാണ്. ഗവേഷണ ചോദ്യങ്ങള്‍ തയ്യാറാക്കുമ്പോള്‍ പൂര്‍വ്വാധുനിക സാഹിത്യങ്ങള്‍ പരിശോധിച്ചിരിക്കുമല്ലോ? 9/11 സംഭവം താങ്കളുടെ എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ടോ?

2001ല്‍ തുടര്‍ച്ചയായി നടന്ന ഭീകരസംഭവങ്ങളുടെ കൂട്ടത്തില്‍ 9/11 സുപ്രധാനമാണ്. സൂക്ഷമാര്‍ത്ഥത്തില്‍ 9/11 സംഭവം കൊണ്ടെത്തിച്ചത് മുസ്‌ലിം ബോഡികളെ ശിക്ഷിക്കുന്ന പുതിയ നിയമനയങ്ങളുടെ രൂപപ്പെടലുകളിലേക്കാണ്. സിസെക് എന്‍ഗേജ് ചെയ്ത പോലെ 9/11 സംഭവം മുസ്‌ലിംകള്‍ക്ക് ചുറ്റും ഭയം നിര്‍മിക്കുകയായിരുന്നുവെന്ന് ഞാന്‍ വാദിക്കുന്നുണ്ട്. എന്റെ പുസ്തകം ചര്‍ച്ചചെയ്യുന്നത് ഇമേജിനറിയിലൂടെ സൃഷ്ടിച്ചെടുത്ത രാക്ഷസകഥാപാത്രങ്ങളെയാണ്. മുസ്‌ലിം ബോഡികളെ ശക്തമായും സംഘടിതമായും ശിക്ഷിക്കാനുള്ള ഒരുപകരണമാക്കി രൂപപ്പെടുത്തുന്നതില്‍ 9/11സംഭവം പടിഞ്ഞാറിന് പ്രയോജനപ്പെട്ടുവെന്നതാണ് വസ്തുത.

download

9/11 സംഭവം ഇസ്‌ലാമിനെ കുറിച്ചുള്ള പടിഞ്ഞാറിന്റെ വീക്ഷണങ്ങളെ വിമര്‍ശനാത്മകവും നാടകീയവുമായ ഒരു ഗതിയിലേക്ക് മാറ്റിയെടുത്തതായി കാണാം. യഥാര്‍ത്തത്തില്‍ 9/11 സംഭവം ഒരു തുടക്കമല്ല, മറിച്ച് തുടര്‍ച്ച തന്നെയാണെന്ന് താങ്കള്‍ വാദിക്കുന്നുണ്ടല്ലോ?

9/11 സംഭവത്തിന് ശേഷം കമ്പോളം പിടിച്ച സിനിമാ നിര്‍മ്മാണം സജീവമായി സൃഷ്ടിച്ചെടുത്തത് ഒരുപിടി രാക്ഷസ കഥാപാത്രങ്ങളടങ്ങിയ ഹൊറര്‍ സിനിമകളാണ്.  സോംബീ കഥാപാത്രങ്ങള്‍ പ്രേക്ഷക മനസ്സുകളെ വലിയ തോതില്‍ ആകര്‍ഷിക്കാന്‍ തുടങ്ങി. 9/11 സംഭവത്തിന് ശേഷമാണ് സോംബീ ചലച്ചിത്രങ്ങള്‍ കൂടുതല്‍ പ്രദര്‍ശിക്കപ്പെട്ടതെന്ന് വാദിക്കുന്ന Dr. Kyle William Bishop ന്റെ ശ്രദ്ധേയമായൊരു രചനയുണ്ട്. സോംബീ ചലചിത്രങ്ങളെ പറ്റിയുളള സംവാദങ്ങളുടെ അതേ രീതിയില്‍ തന്നെയാണ് മുസ്‌ലിം രാക്ഷസ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്‌കാര സംബന്ധിയായ സംവാദങ്ങളുമെന്ന് സെന്റ് ജോണ്‍ വാദിക്കുന്നു. 9/11 സംഭവത്തിന്റെ പ്രതീകാത്മകമായ വേദനയില്‍ നിന്ന് പ്രചോദനമുള്‍കൊണ്ടുള്ള പടിഞ്ഞാറിന്റെ ക്രിയാത്മകമായ ഇടപെടലുകള്‍ മുസ്‌ലിം രാക്ഷസ കഥാപാത്രങ്ങളടങ്ങിയ സാഹിത്യങ്ങളെയും സിനിമകളെയുമാണ് നിര്‍മ്മിച്ചെടുത്തത്.

പ്രസ്തുത പുസ്തകത്തില്‍ താങ്കളവതരിപ്പിക്കുന്ന ഉദാഹരണങ്ങള്‍ ഇവ്വിഷയകമായി ആനുകാലിക സംവാദങ്ങളെ വലിയ അര്‍ത്ഥത്തില്‍ കൂട്ടിയിണക്കുന്നു. സിനിമാ സംസ്‌കാരത്തിലും സര്‍ഗാത്മക രചനകളിലും വളരെ ആഴത്തില്‍ ഉള്‍ച്ചേര്‍ന്ന് കിടക്കുന്ന ഇത്തരം സംവാദങ്ങള്‍ വ്യത്യസ്ത പാറ്റേണുകളിലായി ആവര്‍ത്തിക്കപ്പെടുന്നത് കൊണ്ട് അവയെല്ലാം ഉദാഹരണമായി വാദിക്കാന്‍ വളരെ എളുപ്പമാണ്. ഒരു നിശ്ചിത കാലപരിധിയില്‍ പ്രേക്ഷകര്‍ക്കു മുമ്പിലെത്തിയ സിനിമകളെയും സര്‍ഗാത്മക രചനകളെയും താങ്കള്‍ ഉദാഹരണങ്ങളാക്കുന്നുണ്ടല്ലോ? അവയുടെ കൂട്ടത്തില്‍ താങ്കളെ ആകര്‍ഷിച്ച എന്തെങ്കിലും? അല്ലെങ്കില്‍ ദുര്‍ബലമായ മറ്റേതെങ്കിലും ഉദാഹരണങ്ങള്‍?

എന്റെ ഗവേഷണ പഠനങ്ങളില്‍ ഗോഥിക് രചനകളില്‍ കാണപ്പെടുന്ന ഡ്രാക്കുളയെപ്പോലുള്ള കഥാപാത്രങ്ങളാണ് എന്നെ ആവേശം കൊള്ളിച്ചത്. അതിര്‍ലംഘനങ്ങളും ബോഡികളുടെ നിയമലംഘനങ്ങളും ചേര്‍ത്ത് നിര്‍മ്മിച്ചെടുത്തതാണ് ഗോഥിക് രചനകളിലെ രാക്ഷസ കഥാപാത്രങ്ങള്‍. ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ ഡ്രാക്കുള എന്ന കഥാപാത്രം മുസ്‌ലിം ജൂത സങ്കര സ്വത്വത്തെയാണ് പ്രതിനിധീകരിക്കുന്നത്. പല ശരീരങ്ങളിലും ബാധിച്ച് ബോഡികളുടെ നിയമം തെറ്റിച്ചാണ് ഡ്രാക്കുളയുടെ സഞ്ചാരപഥങ്ങള്‍ ഓരോ അതിര്‍ത്തികളിലേക്കും വികസിക്കുന്നത്. ബോഡികളെ കോളനിവല്‍ക്കരിച്ച് വിസ്മൃതിയിലായ കോളനീകരണത്തെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമമായിട്ടാണ് ഡ്രാക്കുള എന്ന കഥാപാത്രത്തെ ലൊക്കേറ്റ് ചെയ്യേണ്ടത്. ഡ്രാക്കുളക്ക് സമാനമായ ഇന്ദ്രജാലക്കാരനും മാസ്മരിക പ്രകടനങ്ങള്‍ കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന Vatek എന്ന മറ്റൊരു കഥാപാത്രത്തെ നമുക്ക് സുപരിചതമാണ്. ഡ്രാക്കുളയെപ്പോലെത്തന്നെ Vatek ഉം എല്ലാ വിഭാഗക്കാരെയും ലൈംഗികതക്ക് വിധേയമാക്കുന്ന ഒരു ലൈംഗിക അവസരവാദിയായിട്ടാണ് കഥയില്‍ പ്രത്യക്ഷപ്പെടുന്നത്. ബ്രാം സ്‌റ്റോക്കറിന്റെ കൃതികള്‍ സിനിമയിലേക്ക് പരാവര്‍ത്തനം ചെയ്ത് പ്രേക്ഷകര്‍ക്കു മുന്നിലെത്തിച്ച ഫോര്‍ഡ് കൊപ്പോള്ള ഓറിയന്റല്‍ സങ്കല്‍പങ്ങള്‍ കൊണ്ട് തന്റെ സിനിമകളുടെ ആവിഷ്‌കാരത്തെ സമ്പന്നമാക്കുന്നു. അമേരിക്കയും പടിഞ്ഞാറും പൗരസ്ത്യ ദേശങ്ങളുമടങ്ങിയ കഥാതന്തുവില്‍ നിര്‍മ്മിതമായ ത്രീ ഹണ്‍ഡ്രഡ്‌സ് എന്ന സിനിമയും ശ്രദ്ധേയമാണ്.

സ്റ്റാര്‍വാര്‍സ് എന്ന സിനിമയെയും താങ്കള്‍ പരാമര്‍ശിക്കുമെന്ന് കരുതുന്നു? സാഹിത്യങ്ങളെയും സിനിമകളെയും അനാവശ്യമായ ഗഹനനിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയാല്‍ അവകളുടെ ആസ്വാദന മൂല്യം നഷ്ടപ്പെടുകയില്ലേ? മുസ്‌ലിം രാക്ഷസ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട് സ്റ്റാര്‍വാര്‍സിനെ കുറിച്ചുള്ള നിരീക്ഷണങ്ങളെന്തൊക്കെയാണ്?

ത്രീ ഹണ്‍ഡ്രഡ്‌സിനോട് താരതമ്യപ്പെടുത്തുമ്പോള്‍ സ്റ്റാര്‍വാര്‍സിലെ പൗരസ്ത്യ വാദത്തിന്റെ അനുപാതം നന്നേ കുറവാണ്. കൊളോണിയല്‍ വസ്ത്രധാരണവും പടിഞ്ഞാറില്‍ നിലനില്‍ക്കുന്ന സിനിമകളുടെ ലാന്‍ഡ്‌സ്‌കേപ് രീതികളും മാറ്റിനിര്‍ത്തിയാല്‍ പൗരസ്ത്യ വാദത്തിന്റെ ചേരുവകള്‍ സ്റ്റാര്‍വാര്‍സിലില്ലെന്ന് തന്നെ പറയാം. ജോര്‍ജ്ജ് ലൂക്കാസിനെപ്പോലെയുള്ള മതപരമായ കാര്യങ്ങളെ സിനിമയാക്കുന്ന സംവിധായകരില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന രീതിയിലുള്ള കൊളോണിയല്‍ ഉള്ളടക്കങ്ങള്‍ മാത്രമേ സ്റ്റാര്‍വാര്‍സില്‍ കാണാനാവൂ. അടിസ്ഥാനപരമായി സ്റ്റാര്‍വാര്‍സ് മുസ്‌ലിം വിരുദ്ധവും പൗരസ്ത്യ വിരുദ്ധവുമെന്ന് വിലയിരുത്താനാവില്ല. കടുത്ത യാഥാര്‍ത്ഥ്യങ്ങളുടെ ആവിഷ്‌കാരങ്ങള്‍ കൊണ്ട് ചേര്‍ത്തിണക്കിയ ത്രീ ഹണ്‍ഡ്രഡ്‌സ് ഗവേഷണാപഗ്രഥനങ്ങള്‍ക്ക് വിധേയപ്പെടുത്താന്‍ പ്രയാസകരമായിരുന്നു. സിനിമാ വിദഗ്ധനും ആസ്വാദ തല്‍പരനുമായ പ്രിയ സുഹൃത്ത് ജെഫ്രി മേഹമിനൊപ്പം സിനിമയുടെ ആഖ്യാനങ്ങളെക്കുറിച്ച് ദീര്‍ഘമായ ചര്‍ച്ചകളിലും സംവാദങ്ങളിലും ഏര്‍പ്പെട്ടിരുന്നു. സൂക്ഷ്മാര്‍ത്ഥത്തില്‍ സിനിമയുടെ ആശയങ്ങളും സംവിധാനവും ഛായാഗ്രഹണവുമടങ്ങിയ സിനിമാ നിര്‍മ്മാണവും വ്യത്യസ്തമായ രണ്ട് കലകളാണ്.

തുര്‍ക്കിഷ് രാക്ഷസ കഥാപാത്രങ്ങളെ അധികരിച്ചുള്ള അധ്യായം പുസ്തകത്തില്‍ ശ്രദ്ധേയമായ ഒന്നാണ്. തുര്‍ക്കിഷ് എന്ന സാങ്കേതിക പദം അറബ് മുസ്‌ലിംകളെ പ്രതിനിധീകരിക്കുന്നില്ലേ? ഇങ്ങനെയൊരു അധ്യായത്തിന്റെ പ്രസക്തിയെന്ത്?

രാക്ഷസ കഥാപാത്രങ്ങള്‍ ചരിത്രപരവും സാമൂഹികവും സാംസ്‌കാരികവുമായ സാഹചര്യങ്ങള്‍ക്കനുസൃതമായി മാറ്റങ്ങള്‍ സംഭവിക്കുന്ന പ്രോട്ടീന്‍ ടൈപ്പ് ക്യാരക്ടറുകളാണ്. ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ അധികാര വ്യാപനം യൂറോപ്പിനെ ആകുലപ്പെടുത്തിയതു മുതലാണ് തുര്‍ക്കിഷ് രാക്ഷസ കഥാപാത്രങ്ങള്‍ സിനിമകളില്‍ അവതരിക്കാന്‍ തുടങ്ങിയത്. സാഹിത്യങ്ങളിലെയും സിനിമകളിലെയും അറബ് കഥാപാത്രങ്ങളെ ടര്‍ക്കിഷ് കഥാപാത്രങ്ങളായി മാറ്റി പ്രതിഷ്ഠിക്കാന്‍ കാരണമായ ഒരു ചരിത്രപരമായ വഴിത്തിരിവായിരുന്നു ഒട്ടോമന്‍ സാമ്രാജ്യം. നവോത്ഥാന കാലഘട്ടത്തില്‍ തുര്‍ക്കിഷ് തലപ്പാവ് ധരിച്ച മുസ്‌ലിംകള്‍ ക്രിസ്ത്യന്‍ സന്യാസിമാരെ ക്രൂശിക്കുന്ന ചിത്രങ്ങള്‍ വ്യാപകമായിരുന്നു. അന്നത്തെ ലോക ജനസംഖ്യാടിസ്ഥാനത്തില്‍ മുസ്‌ലിംകള്‍ തുലോം തുച്ഛമായിരുന്നെങ്കിലും ക്രിസ്ത്യാനിസത്തിന്റെ പ്രഖ്യാപിത ശത്രുവായി മുസ്‌ലിംകള്‍ മാറിക്കഴിഞ്ഞിരുന്നു. ഷേക്‌സ്പിയറിന്റെ സാഹിത്യരചനകളില്‍ ഭീകരമായ തുര്‍കിഷ് ചിത്രങ്ങള്‍ കൊത്തിയ ചിഹ്നങ്ങളും അടയാളങ്ങളും മാടമ്പികഥാപാത്രങ്ങള്‍ ഉപയോഗിച്ചിരുന്നതായി കാണാം.

9780199324927

കഴിഞ്ഞ നൂറ് വര്‍ഷങ്ങളില്‍ അരങ്ങേറിയ രാഷ്ട്രീയ മാറ്റങ്ങളെ കുറിച്ച്? കാലങ്ങളോളം ഇസ്‌ലാമിനെ പ്രതിനിധീകരിച്ചിരുന്ന ഒട്ടോമന്‍ സാമ്രാജ്യം തകരുകയും തുര്‍ക്കി ഒരു മതേതര തട്ടകമായി പരിണമിക്കുകയും ചെയ്തു. തുര്‍ക്കിയെ കുറിച്ചുള്ള വീക്ഷണങ്ങളെന്തൊക്കെയാണ്?

തുര്‍ക്കിയുടെ രാഷ്ട്രീയ എതിരാളികളുടെ ശക്തിപ്പെടലുകളും മനുഷ്യാവകാശ ലംഘനങ്ങളും കുര്‍ദ് ജനത നേരിടുന്ന പ്രതിസന്ധികളും തുര്‍ക്കിയെ ഗുരുതരമായി വെല്ലുവിളിച്ചുകൊണ്ടിരിക്കുന്നു. ഒരു കാലത്ത് കുര്‍ദുകള്‍ക്ക് തുര്‍ക്കിയില്‍ ലഭിച്ച പിന്തുണ ഇല്ലാതാവുകയും പടിഞ്ഞാറന്‍ സാഹിത്യങ്ങളില്‍ കുര്‍ദുകള്‍ രാക്ഷസ കഥാപാത്രങ്ങളായി അവതരിപ്പിക്കപ്പെടുന്നതും വലിയതോതില്‍ അപകടകരമാണ്. തുര്‍ക്കിയെ ഇരയാക്കുകയും ദീര്‍ഘകാലം സ്വയം പ്രഖ്യാപിത ശത്രുവാക്കുകയും ചെയ്ത അമേരിക്ക ഈയിടെ തുര്‍ക്കിയുമായി ഉദാരനയതന്ത്രത്തിലേര്‍പ്പെട്ടിരിക്കുന്നു. ലോകരാഷ്ട്രീയ സംവാദങ്ങളില്‍ ഇറാന്‍ തുടര്‍ച്ചയായി അവഹേളനകള്‍ക്കും ആക്ഷേപങ്ങള്‍ക്കും വിധേയമാകുന്നു. തുര്‍ക്കിയെ സമ്പന്നമാക്കുന്ന വിഭവങ്ങളുടെ അഭാവവും സ്വയം ഭീഷണിയുയര്‍ത്താനുള്ള ത്രാണിയില്ലായ്മയും തിരിച്ചറിഞ്ഞത് കൊണ്ടാണ് അമേരിക്ക ഉദാരനയതന്ത്രത്തിലേര്‍പ്പെട്ടിരിക്കുന്നത് എന്നുവേണം കരുതാന്‍. സൂക്ഷമാര്‍ത്ഥത്തില്‍ രാക്ഷസകഥാപാത്രങ്ങള്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസൃതമായി മാറിക്കൊണ്ടിരിക്കുന്ന പ്രോട്ടീന്‍ ടൈപ്പ് ക്യാരക്ടറുകളാണ്. ഇത്തരം പൊളിറ്റിക്കല്‍ ക്യാരക്ടറുകളെ രൂപപ്പെടുത്തുന്നത് രാഷ്ട്രീയവും പ്രാദേശികവും വാണിജ്യപരവുമായ വിഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. സ്ഥലകാല സാഹചര്യങ്ങള്‍ക്കനുസൃതമായി ജനകീയമാകുന്ന കഥാപാത്രങ്ങളെകുറിച്ച് ചുരുക്കം ചില അധ്യായങ്ങളില്‍ ഞാന്‍ വിശദീകരിക്കുന്നുണ്ട്.

ഈ പുസ്തകം കൈകാര്യം ചെയ്യുന്നത് പടിഞ്ഞാറില്‍ നിലനില്‍ക്കുന്ന മുസ്‌ലിം സങ്കല്‍പനങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് എത്രത്തോളം അകലം നില്‍ക്കുന്നുവെന്നതിനെയാണ്. തീര്‍ച്ചയായും പടിഞ്ഞാറ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മുസ്‌ലിം ചിത്രങ്ങള്‍ അവഹേളനാപരമായ രീതിയിലാണ്. പടിഞ്ഞാറ് നിര്‍മിച്ചെടുത്ത തൃണവല്‍കൃത ഇസ്‌ലാം എന്ന ആശയത്തിന്റെ വ്യാപനം പൗരസ്ത്യദേശങ്ങളിലെ മുസ്‌ലിം എന്ന സാങ്കല്‍പിക കഥാപാത്രങ്ങളെ രൂപപ്പെടുത്തുന്നതിലൂടെയാണ് സാധ്യമായത്. പടിഞ്ഞാറിന്റെ വീക്ഷണങ്ങളില്‍ ഇസ്‌ലാം എന്ന ആശയം ആധൂനികവിരുദ്ധവും തീവ്രവും അപരിചിതവുമായ ഒരു സമസ്യയായിട്ടാണ് ലൊക്കേറ്റ് ചെയ്യപ്പെടുന്നത്. സാമൂഹികസങ്കല്‍പനങ്ങളില്‍ നിലനില്‍കുന്ന മുസ്‌ലിം സ്വത്വവും യഥാര്‍ത്ഥ മുസ്‌ലിം സ്വത്വവും വിരുദ്ധമായ രണ്ട് വ്യത്യസ്ഥ ധ്രുവങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. സമൂഹങ്ങളെ നിര്‍ണയിക്കുന്നത് സാഹചര്യങ്ങള്‍ക്കനുസൃതമായ സാംസ്‌കാരിക മാറ്റങ്ങളായത് കൊണ്ടാണ് മുസ്‌ലിം ജീവിതങ്ങളെയും പ്രദേശങ്ങളെയും അടിസ്ഥാനപ്പെടുത്തി സവിശേഷമായ കഥാപാത്രങ്ങളുടെ രൂപീകരണം പ്രയാസകരമാകുന്നത്. ഉദാഹരണമായി തെക്ക് ഇറാനും വടക്ക് ഇറാനും ജീവിതരീതികൊണ്ടും സംസ്‌കാരം കൊണ്ടും വിഭിന്നമാണ്. സാങ്കല്‍പ്പിക ചിത്രങ്ങളില്‍ നിലനില്‍കുന്ന മുസ്‌ലിം സ്വത്വം യഥാര്‍ത്ഥ സ്വത്വത്തെക്കാള്‍ സ്വാധീനശക്തിയുള്ളതാണെന്ന് ഞാന്‍ വാദിക്കുന്നു. ഭിന്നമായ സംസ്‌കാരങ്ങളെ പ്രതിനിധീകരിക്കുന്ന സ്വത്വങ്ങളെ ഏകശിലാത്മകമായി അവതരിപ്പിക്കുമ്പോള്‍ നഷ്ടമാവുന്നത് നല്ല സംസ്‌കാരത്തിന്റെ ഗുണഗണങ്ങളാണ്. ഇക്കാരണത്താല്‍ മുസ്‌ലിം സ്ത്രീ എന്ന പൊതുവായ ഒരു കാറ്റഗറി സംവാദങ്ങളില്‍ നിര്‍മിക്കുക അസാധ്യമാണെന്ന് റോസ ഒസ്‌ലാന്റ് C.N.N നടത്തിയ ഒരഭിമുഖത്തില്‍ പരാമര്‍ശിക്കുന്നത് കാണാം. മുസ്‌ലിം സ്ത്രീകള്‍ സാമൂഹിക സാഹചര്യങ്ങള്‍ക്കനുസരിച്ച് വ്യതിരക്തരാകുന്നു എന്നതാണ് വസ്തുത.

കേവലമായ പ്രതിനിധാന ചര്‍ച്ചകളില്‍ നിന്ന് മാറി മുസ്‌ലിം വിഷയിയുടെ റാഡിക്കലായ വ്യത്യസ്തതയെയാണ് ഞാനീ പുസ്തകത്തില്‍ പരിശോധിക്കാന്‍ ശ്രമിച്ചത്. പലപ്പോഴും പ്രതിനിധാനങ്ങളെ കുറിച്ച ചര്‍ച്ചകള്‍ സബ്ജക്റ്റിവിറ്റിയെക്കുറിച്ച പുതിയ ഭാവനകളുടെ becoming നെ തടയുന്നുണ്ട്. അതിനാല്‍ തന്നെ non-representaional ആയി മുസ്‌ലിം സബ്ജക്ടിനെ സമീപിക്കുന്നതിനെക്കുറിച്ചാണ് ഞാന്‍ ആലോചിക്കുന്നത്. അപ്പോള്‍ മാത്രമേ മുസ്‌ലിം രാഷ്ട്രീയ കര്‍തൃത്വത്തെക്കുറിച്ച പുതിയ വായനകളുടെയും സംവാദങ്ങളുടെയും വികാസം സാധ്യമാകൂ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

 

ഫുആദ്.ടി.പി: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ അഖീദ ആന്‍ഡ് ഫിലോസഫി ഡിപ്പാര്‍ട്ട്‌മെന്റില്‍ ഗവേഷക വിദ്യാര്‍ത്ഥി

ജിഷാന.എന്‍ : അരീക്കോട് സുല്ലമുസ്സലാം കോളേജിലെ മൂന്നാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥിനി

സോഫിയ റോസ് അര്‍ജന-ഫുആദ്.ടി.പി, ജിഷാന. എന്‍


   

Comments

comments

You may also like...