Campus Alive

പശ്ചിമേഷ്യയും ലിംഗസംവാദങ്ങളും

1: ജെന്‍ഡര്‍ എന്നത് പ്രകടമായ ഒന്നിനെക്കുറിച്ച് പഠിക്കലല്ല. മറിച്ച് എന്ത്‌കൊണ്ടാണ് അതിങ്ങനെ പ്രകടമാകുന്നത് എന്നതിനെക്കുറിച്ച അപഗ്രഥനമാണ്.

2: മിഡിലീസ്റ്റിലെ ലിംഗസംവാദങ്ങളെക്കുറിച്ചോ ലൈംഗികതയെക്കുറിച്ചോ ഒക്കെ എഴുതാന്‍ തുടങ്ങുന്നതിന് മുമ്പ് എന്തായിരിക്കണം നമ്മുടെ പഠനത്തിന്റെ ലക്ഷ്യമെന്ന തിരിച്ചറിവ് നമുക്കുണ്ടാവേണ്ടതുണ്ട്. പഠനത്തിന് പശ്ചാത്തലമൊരുക്കുന്ന രാജ്യം, പ്രദേശം, കാലയളവ് എന്നിവയെക്കുറിച്ച ഉറച്ച ബോധ്യമുണ്ടായിരിക്കണം. മാത്രവുമല്ല, മിഡിലീസ്റ്റ്, ദ ഇസ്‌ലാമിക് വേള്‍ഡ്, അറബ് വേള്‍ഡ് തുടങ്ങിയ പദങ്ങള്‍ ഒരിക്കലും ഒരേ ആളുകളേയോ സ്ഥലത്തേയോ ചരിത്രത്തെയോ കുറിക്കുന്നതല്ല. എങ്കിലും അവരെ ബന്ധിപ്പിക്കുന്ന കണ്ണികള്‍ നിര്‍ണ്ണായകമാണ്. സിറിയയിലെ ലിംഗവല്‍ക്കരിക്കപ്പെട്ട പൊളിറ്റിക്കല്‍ എക്കണോമിയെക്കുറിച്ച് പഠിക്കണമെങ്കില്‍ ഓട്ടോമന്‍-പ്രാദേശിക ചരിത്രത്തെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരിക്കണം. കാരണം സിറിയ എന്ന് നാമിപ്പോള്‍ വിളിക്കുന്ന ദേശത്ത് ലിംഗവല്‍ക്കരിക്കപ്പെട്ട പൊളിറ്റിക്കല്‍ എക്കണോമി ഉല്‍പ്പാദിപ്പിച്ചത് ആ ചരിത്രമാണ്. അതോടൊപ്പം തന്നെ ശ്രദ്ധേയമായ കാര്യമാണ് സ്റ്റേറ്റ് എന്നത് മിഡിലീസ്റ്റിനെ സംബന്ധിച്ചിടത്തോളം പുതിയൊരു പ്രതിഭാസമാണ് എന്നത്.

maya mikdash
മായ മിക്ദശി

3: ലിംഗപഠനം ലൈംഗികതയെ കണക്കിലെടുത്തു കൊണ്ടുള്ളതായിരിക്കണം. അതുപോലെ ലിംഗപരമായ വിശകലനങ്ങളില്‍ നിന്ന് ലൈംഗികപഠനങ്ങളെ മാറ്റിനിര്‍ത്താനും കഴിയില്ല. ഇറാഖീ സ്റ്റേറ്റിന്റെ സാമൂഹ്യ-സാമ്പത്തിക നയങ്ങളെയോ പ്രത്യയശാസ്ത്രപരമായ പങ്കിനെയോ പരാമര്‍ശിക്കാതെ ഇറാഖീ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തെയും രാഷ്ട്രീയത്തെയും കുറിച്ച് പഠിക്കുന്നതിന് തുല്യമായിരിക്കുമത്.

4: ജെന്‍ഡര്‍ എന്നത് വ്യക്തിപരവും സാമൂഹ്യപരവുമായ കര്‍തൃത്വങ്ങളുടെ ഒരു തലമാണ്. അത് വ്യക്തിയും ജനങ്ങളും അധികാരഘടനകളും തമ്മിലുള്ള ബന്ധങ്ങളെ നിര്‍മ്മിക്കുകയും ക്രമപ്പെടുത്തുകയും ചെയ്യുന്നു. രാഷ്ട്രീയത്തെയും ചരിത്രത്തെയും നിയമത്തെയും കുറിച്ച പഠനങ്ങള്‍ ലിംഗത്തെയും ലൈംഗികതയെയും കണക്കിലെടുക്കേണ്ടതുണ്ട്. കൂടാതെ, വര്‍ഗ്ഗം, വംശം, പൊളിറ്റിക്കല്‍ എക്കണോമി തുടങ്ങിയവയെല്ലാം അത്തരം പഠനങ്ങളുടെ ഭാഗമായി വരേണ്ടതുണ്ട്. എങ്ങനെയാണ് ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നത് എന്നതിനെക്കുറിച്ചും സൂക്ഷമമായി നാം ആലോചിക്കേണ്ടതുണ്ട്.

5: വര്‍ഗരഹിതമായ ശരീരം ഇല്ലാത്തത്‌പോലെ ലിംഗരഹിതമായ ശരീരവും നിലനില്‍ക്കുന്നില്ല. അത്തരം ആഖ്യാനങ്ങള്‍ പുനരുല്‍പ്പാദിപ്പിക്കുന്നത് ലിംഗരഹിത ശരീരത്തെയും ലിംഗരഹിതരാഷ്ട്രീയത്തെയും വര്‍ഗ്ഗരഹിത ശരീരത്തെയും വര്‍ഗ്ഗരഹിത രാഷ്ട്രീയത്തെയും കുറിച്ച തെറ്റായ തീര്‍പ്പുവെക്കലുകളാണ്. ഇത് ഫലത്തില്‍ നോര്‍മാറ്റീവായ പുരുഷ രാഷ്ട്രീയ വ്യവഹാരങ്ങളെ സാര്‍വത്രികമാക്കുകയാണ് ചെയ്യുന്നത്. ലിംഗസംവാദങ്ങളില്‍ നിന്ന് ആര്‍ക്കും രക്ഷപ്പെടാന്‍ കഴിയില്ല എന്ന യാഥാര്‍ത്ഥ്യത്തെയാണ് ഇത് ബോധപൂര്‍വ്വം മറക്കുന്നത്. മാത്രവുമല്ല, ജെന്‍ഡര്‍ എന്നത് സ്ത്രീകളിലേക്കും ലൈംഗിക ന്യൂനപക്ഷങ്ങളിലേക്കും ചുരുക്കുമ്പോള്‍ പുനരുല്‍പ്പാദിപ്പിക്കപ്പെടുന്നത് അപര പുരുഷര്‍ തങ്ങളുടെ സ്ത്രീകളെയും സ്വവര്‍ഗ്ഗരതിക്കാരെയും എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നതിനെക്കുറിച്ച അധീശമായ വായനകളാണ്.

6: കാര്യങ്ങളെ സാര്‍വത്രികമായി സമീപിക്കുന്ന രീതി നാമവസാനിപ്പിക്കണം. ചിലപ്പോള്‍ ഒരു ഹിജാബ് വെറുമൊരു ഹിജാബായിരിക്കാം. എന്നാല്‍ മറ്റ് സന്ദര്‍ഭങ്ങളില്‍ അങ്ങനെയായിരിക്കില്ല.

laiala
ലൈല അബൂലുഗോദ്‌

7: ലിംഗരാഷ്ട്രീയത്തെക്കുറിച്ചും ഫെമിനിസ്റ്റ് താല്‍പര്യങ്ങളെക്കുറിച്ചുമുള്ള നമ്മുടെ ധാരണകള്‍ നാം മാറ്റേണ്ടതുണ്ട്. സബാമഹ്മൂദും ലൈല അബൂലുഗോദും പറയുന്ന പോലെ ഫെമിനിസ്റ്റ് രാഷ്ട്രീയത്തെക്കുറിച്ച ലിബറല്‍ ഫെമിനിസത്തിന്റെ ധാരണകള്‍ വളരെ പഴഞ്ചനാണ്. സെക്കുലര്‍-നിയോലിബറല്‍ അവകാശങ്ങളെക്കുറിച്ച വ്യവഹാരങ്ങള്‍ നിര്‍മ്മിച്ചെടുത്ത ജ്ഞാനപരമായ അധീശത്വമാണത്. ഒരുപാട് പുറന്തളളലുകളിലൂടെയും അധികാരശ്രേണികളിലൂടെയും സാമ്രാജ്യത്വ ചരിത്രങ്ങളിലൂടെയുമാണ് അത് സാധ്യമായത് എന്നതാണ് യാഥാര്‍ത്ഥ്യം.

saba
സബ മഹ്മൂദ്

8: മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിലും സമുദായങ്ങളിലും ജെന്‍ഡര്‍ പഠനവിധേയമാക്കുമ്പോള്‍ എല്ലായ്‌പ്പോഴും ഇസ്‌ലാമായിരിക്കില്ല പ്രധാനപ്പെട്ട ഘടകം. ഞാന്‍ ലബനാനിലെ നിയമവ്യവസ്ഥ പഠിച്ചിട്ടുണ്ട്. എന്നാല്‍ ഞാനതിനെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം എന്റെ കൂടെയുള്ളവര്‍ അന്വേഷിക്കുന്നത് ശരീഅത്തിനെക്കുറിച്ചും സ്ത്രീകള്‍ക്കെതിരായ അടിച്ചമര്‍ത്തലുകളെക്കുറിച്ചുമാണ്. എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത് ക്രൈസ്തവ-ജൂതവ്യക്തി നിയമങ്ങള്‍ ഇസ്‌ലാമിക വ്യക്തി നിയമങ്ങളെക്കാള്‍ ( അവ ചരിത്രപരമായിത്തന്നെ ശരീഅത്തില്‍ നിന്ന് ഏറെ വിഭിന്നമാണ്) സ്ത്രീവിരുദ്ധമാണ് എന്നതാണ്. മാത്രവുമല്ല, അവിടെയുള്ള ആകെയുള്ള മതം ഇസ്‌ലാം മാത്രമല്ല. എന്നാല്‍ മുഖ്യധാരാ മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത് ഇസ്‌ലാം മാത്രമാണ്. ഏതെങ്കിലും മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലോ രാഷ്ട്രങ്ങളിലോ ഒരു പുരുഷന്‍ സ്ത്രീയെ മര്‍ദ്ദിച്ചതിനെക്കുറിച്ച വളരെ വ്യത്യസ്തമായ ഒരാഖ്യാനം നിര്‍മ്മിക്കപ്പെട്ടാല്‍ ഓര്‍ക്കുക; നിങ്ങളവിടെ ഇസ്‌ലാമിനെക്കുറിച്ചല്ല, മറിച്ച് ഇസ്‌ലാമിനെക്കുറിച്ച അധീശമായ വ്യവഹാരങ്ങളെയാണ് വായിക്കുന്നത്.

9: ലിംഗാവകാശത്തെക്കുറിച്ചും ലിംഗനീതിയെക്കുറിച്ചുമുള്ള സംവാദങ്ങള്‍ മിഡിലീസ്റ്റില്‍ പുതിയതല്ല. എന്നാല്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അടിച്ചമര്‍ത്തല്‍ നിയമങ്ങള്‍ പുതിയതാണ്. ദേശരാഷ്ടത്തിന്റെ കടന്ന് വരവ് വരെ ഗര്‍ഭഛിദ്രം നിയമവിരുദ്ധമായിരുന്നില്ല. ചില ഫിഖ്ഹീ പാരമ്പര്യങ്ങള്‍ക്ക് ഗര്‍ഭഛിദ്രത്തോട് അനുകൂലമായ നിലപാടാണുള്ളത്. പൗല സാന്‍ഡേര്‍സിനെപ്പോലുള്ളവര്‍ നമ്മോട് പറയുന്നത് ഇസ്‌ലാമിക സമൂഹങ്ങളില്‍ നിലനിന്നിരുന്ന ലിംഗനീതിയെക്കുറിച്ചും ലിംഗസംവാദങ്ങളെക്കുറിച്ചുമാണ്.

10: മുസ്‌ലിം രാജ്യങ്ങളില്‍ നടക്കുന്ന കൊളോണിയല്‍ അധിനിവേശങ്ങള്‍ ജെന്‍ഡറിനെക്കുറിച്ചും മുസ്‌ലിം ആണ്‍ ശരീരങ്ങളെക്കുറിച്ചും ചില വ്യവഹാര നിര്‍മ്മിതികള്‍ നടത്തുന്നുണ്ട്. ഇസ്രയേലിന്റെ ഫലസ്തീന്‍ അധിനിവേശം പോലും അധീശമായ ഇത്തരം ലിംഗസംവാദങ്ങളിലൂടെ ന്യായീകരിക്കപ്പെടാറുണ്ട്. അത്‌പോലെ ലൈംഗികന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും അവകാശങ്ങളുടെ പേരിലാണ് ഇറഖ്, അഫ്ഗാന്‍ അധിനിവേശങ്ങള്‍ നടക്കുന്നത്. ഇങ്ങനെ ലിംഗസംവാദങ്ങളെക്കുറിച്ച വ്യത്യസ്തങ്ങളായ വ്യവഹാര നിര്‍മ്മാണങ്ങളിലൂടെയാണ് അധികാരം നിലനിര്‍ത്തപ്പെടുന്നത്.

കടപ്പാട്: ജദലിയ
വിവ: ഫാത്വിമ മദാരി

campusadmin

Author Details

campusadmin

Recent posts

Most popular

Most discussed